ഇടുക്കിയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ; വലിയ നാശനഷ്ടം

ഇടുക്കിയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ; വലിയ നാശനഷ്ടം

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് മഴ തുടരുന്നു. കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. നേരത്തെ റെഡ് അലർട്ട് പട്ടികയിലുണ്ടായിരുന്ന തൃശൂരിനെ ഒഴിവാക്കി.

കാലവർഷം ശക്തിപ്രാപിച്ചതോടെ മലയോര ജില്ലയായ ഇടുക്കിയിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിപാലം ഒലിച്ചുപോയി. വണ്ടൻമേട്ടി ൽ രണ്ടിടത്ത് ഉരുൾപ്പൊട്ടി 20 ഏക്കർ ഭൂമി ഒലിച്ചുപോയി. പത്ത് വീടുകളും നശിച്ചു. കട്ടപ്പനയാറിന്റെ ഉത്ഭവ കേന്ദ്രമായ ചെകുത്താൻമലയിൽ ഉരുൾപ്പൊട്ടി വ്യാപകമായി ഏലംകൃഷി നശിച്ചു. ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 506 ആളുകൾ മാറിതാമസിച്ചു

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. ശക്തമായ കാറ്റ് വീശുന്നതിനാൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ ദിവസത്തേക്കാൾ താരതമ്യേന ഇന്ന് മഴ കുറഞ്ഞിട്ടുണ്ട്. വയനാട്ടിൽ മഴയുടെ തോത് കുറഞ്ഞത് ഏറെ ആശ്വാസം നൽകുന്നു.

രാജമലയിൽ കണ്ടെത്തിയത് 26 പേരുടെ മൃതദേഹങ്ങൾ, 12 പേരെ രക്ഷപ്പെടുത്തി

ഇടുക്കി രാജമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് നിന്ന് ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 12 പേരെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിൽ അതിവേഗം ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി തമിഴ്‌നാടിന് കത്തയച്ചു. ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് കാണിച്ചാണ് കേരള ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് കത്തയച്ചത്. ഷട്ടറുകൾ തുറക്കുന്നതിനുചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

Source: indianexpress.com

Leave a Comment

Your email address will not be published. Required fields are marked *