ഒരു ഓർമ്മകൾ അയവിറക്കൽ

ഒരു ഓർമ്മകൾ അയവിറക്കൽ

2007 മാർച്ച് 28 അന്ന് 

ഏഴാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് നല്ല ഉറക്കത്തിലാണ്… സമയം എട്ടര കഴിഞ്ഞിരിക്കുന്നു പതിവുപോലെ അമ്മയുടെ ചീത്ത കേട്ട് തന്നെയാണ് എഴുന്നേറ്റത്….

” എടാ നന്ദു മതിയെടാ എണീക്ക് സമയം എട്ടര കഴിഞ്ഞു പോത്തു പോലെ കുറെ നേരമായല്ലോ കിടന്നുറങ്ങുന്നത്… ” ഇന്നലെ രാത്രി cid മൂസ  സിനിമ ഉണ്ടായിരുന്നു ടിവിയിൽ അത് കണ്ടു കഴിഞ്ഞു കിടന്നപ്പോ വൈകി  സമയം 9.30 കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ന് രാവിലെ പുഞ്ചപ്പാടത്ത് ക്രിക്കറ്റ് കളിക്കാൻ പോകാൻ പറ്റിയില്ല.

അല്ലെങ്കിൽ എല്ലാ ദിവസവും രാവിലെ ഒരു ക്രിക്കറ്റ് കളി പതിവാണ്. കുഴപ്പമില്ല ഇപ്പോൾ തന്നെ അവന്മാർ കടവിൽ കുളിക്കാൻ വരും ക്രിക്കറ്റ് കളിക്കാൻ പറ്റാത്തതിന്റെ ക്ഷീണം കടവിൽ കുളിച്ചു തീർക്കാം എന്ന് മനസ്സിൽ ആലോചിച്ചു കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത് ഇന്നും പുട്ടും കടലാക്രമണവും ആണ്.😑

പുട്ട് എങ്കിൽ പുട്ട് എന്ന് മനസ്സിൽ വിചാരിചു  കഴിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അമ്മ വീണ്ടും വിളിക്കുന്നത് ” എടാ നന്ദു നിന്റെ കൂട്ടുകാർ വന്ന രണ്ട് കുടം കൊണ്ടുപോയിട്ടുണ്ട് അതെന്തിനാ”   കേട്ടപാതി കേൾക്കാത്ത പാതി തിന്നു കൊണ്ടിരിക്കുന്ന പൂട്ടും കുറച്ചെടുത്ത് കീശയിലിട്ട് കടവിലെക്കോടി… വീട്ടിൽ നിന്നും എടുത്ത രണ്ട് കുടങ്ങൽ തമ്മിൽ വള്ളി വെച്ച് കെട്ടി ആ വള്ളിയിൽ കിടന്നാണ്  ഞങ്ങൾ നീന്തൽ  പഠിക്കുന്നത്..സംഭവം ഉഷാറാണ് നിങ്ങളെല്ലാവരും ഇത് വെച്ച് നീന്തൽ പഠിച്ചു..

ഓടി കടവിൽ എത്തിയപ്പോഴേക്കും എല്ലാരും അവിടെ എത്തിയിട്ടുണ്ട് ഉണ്ട് ഞങ്ങളുടെ കടവ് എന്ന് പറയുകയാണെങ്കിൽ പുഴയിലേക്ക് ചാഞ്ഞുനിൽക്കുന്ന തെങ്ങും ആ തെങ്ങിൽ കെട്ടിയ ഊഞ്ഞാലും.. കടവ് ചുറ്റും പൂപ്പരുത്തി മരവും.. കടവത്ത് മൊത്തം മണലും തെളിനീര് പോലെയുള്ള വെള്ളവും… ആഹാ അടിപൊളി ആണ്..  (സിമ്മിങ് പൂളിൽ കുളിച്ചാൽ കിട്ടുമോ ഈയൊരു  ഫീൽ… ) ചെന്നപാടെ ഡ്രസ്സ് ഊരി പുഴയിലേക്ക് ചാടി. നേരത്തെ കീശയിലിട്ട പുട്ട് പുഴയിൽ ഇട്ട് തോർത്ത് ഉപയോഗിച്ച് മീൻ പിടിക്കുക എന്നതാണ് അടുത്ത പണി…. എല്ലാ ദിവസത്തെ പോലെ ഇന്നും എന്റെ കീശയിൽ പുട്ടാണ്.. ഇന്ന് പുഴയിൽ നോക്കിയപ്പോൾ ദോശ ഉണ്ട് നൂലപ്പം ഉണ്ട് ഇഡ്ഡലി ഉണ്ട് പഴംകഞ്ഞി വരെയുണ്ട് എല്ലാവരും രാവിലെ വീട്ടിൽ നിന്നു കൊണ്ടു വരുന്നതാണ് മീൻ പിടിക്കാൻ വേണ്ടി.. എല്ലാദിവസവും ഇതുപോലൊരു മീനൂട്ട് ഞങ്ങൾക്ക് സ്ഥിരം പരിപാടിയാണ് മീൻ കിട്ടുമോ അതുമില്ല……

മൂന്നുനാലു മണിക്കൂർ നീണ്ട കുളിക്കു ശേഷം വിശപ്പ് തള്ളക്ക് വിളിക്കാൻ തുടങ്ങിയപ്പോൾ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് വീണ്ടും ചുണ്ട എടുത്ത് പുഴയിലേക്ക് തന്നെ വന്നു… അടുത്ത മീനൂട്ടി നുള്ള സമയമായി.

ഇത്രനാൾ ചൂണ്ടയിട്ട് പൂളാൻ  അഥവാ  പൈച്ചി എന്ന മീനെ എനിക്ക് എന്നും കിട്ടാറുള്ളു.. ( മീനുകളിലെ മണ്ടൻ എന്നാണ് ഞങ്ങൾ അതിനെ വിളിക്കാറ്. ചൂണ്ടയിൽ ഇര വേണമെന്നില്ല

കുളത്ത് മാത്രം ഇട്ടാലും ആശാൻ വന്ന് രുചിക്കും  )

ബാക്കി ഉള്ള എല്ലാവരും എണ്ണം പറഞ്ഞു കരിമീനെ പിടിക്കുമ്പോൾ എനിക്ക് അപ്പോഴും കിട്ടും പൂളാൻ😡.തോൽവിക്ക് പിടികൊടുക്കാതെ സകല കരിമീൻ ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു ചൂണ്ടയിടൽ വീണ്ടും തുടർന്നു. അവസാന നിമിഷം എന്തോ വലിയ ഐറ്റം വന്നു കൊത്തി  ( വലിയ ഫാമിലി പ്രോബ്ലം ഉണ്ടായിട്ട് ആത്മഹത്യ ചെയ്യാൻ വന്ന മീൻ ആണെന്ന് തോന്നുന്നു അല്ലാതെ എന്റെ ചൂണ്ടയിൽ കൊത്താൻ സാധ്യതയില്ല) കരിമീൻ ആയിരിക്കണേ ദൈവമേ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ചുണ്ട ഉയർത്തിയതും പാമ്പു പോലെ ഒരു മീൻ. കിട്ടിയത് പാമ്പ് ആണെന്ന് കരുതി ഞങ്ങൾ നാലു പേരും നാലു ദിശയിലേക്ക് ഓടി.

പിന്നീടാണ് അത് പാമ്പല്ല വാള എന്ന് പേരുള്ള ഒരു മീൻ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായത് അത്.. അത്ര നേരം മണ്ടൻ മീനെ പിടിച്ചു എന്നുള്ള ചീത്തപ്പേര് അങ്ങ് മാറിക്കിട്ടി.. ഇന്നെന്തായാലും കളി സ്ഥലത്തും കൂട്ടുകാർക്കിടയിൽ ഞാനാണ് ഹീറോ.. എന്റെ മീനിനെ കുറിച്ച് ആയിരിക്കും അവരുടെ മൊത്തം ചർച്ച… നാളെയും ആത്മഹത്യക്ക് ശ്രമിക്കുന്ന ഏതെങ്കിലും മീൻ ഉണ്ടാകുമെന്ന് പ്രതീക്ഷിചു  ഇന്നു കിടന്നു ഉറങ്ങാം.

2020 MARCH 28 ഇന്ന് 

13 വർഷത്തിനുശേഷം

കൊറോണ ആയതുകൊണ്ട് കുറേ നാളുകൾക്ക് ശേഷമാണ് വീട്ടിൽ ഇരിക്കുന്നത്. രാവിലെ തന്നെ അനിയന്റെ കൊല്ലടാ,  രക്ഷിക്കട, വെടി വെക്കടാ, പൊളിക്കടാ, ചിക്കൻ ഡിന്നർ,, തുടങ്ങിയ കുറെ അലർച്ചകൾ കേട്ടാണ് ഉറക്കം എണീറ്റത്. സമയം വെളുപ്പിന് അഞ്ചു മണി ആയിട്ടേ ഉള്ളൂ അനിയൻ രാത്രി ഉറങ്ങാത്തത് ആണോ അതോ രാവിലെ എണീറ്റ് ആണോ അറിയില്ല…. എന്തായാലും എന്റെ ഉറക്കം പോയി കിട്ടി. എങ്കിൽ പഴയ ഓർമ്മകൾ ഒന്ന് അയവിറക്കാൻ എന്നും വിചാരിച്ചു പഴയ പുഞ്ചപ്പാടത്തെക്കു  നടന്നു..

വിചാരിച്ച പോലെ തന്നെ  പുഞ്ചപ്പാടത്ത് ഞാനും 3 പട്ടികളും മാത്രം. പട്ടികളുട കടി കൊള്ളാതെ എങ്ങനെയോ വീട്ടിൽ തന്നെ എത്തി. പതിവുപോലെ അമ്മയുടെ പുട്ട് കടലക്കറി റെഡി ആണ്.  6 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും വീട്ടിലേക്ക് വന്നിരിക്കുന്നത് ഞാൻ തോർത്തും ചൂണ്ടയും എടുത്ത് കടവിലേക്ക് ഇറങ്ങാൻ നിൽക്കുന്ന സമയത്താണ് അമ്മ ചോദിച്ചത് എങ്ങോട്ടാണെന്ന്. കടവിൽ പോയി ഒന്നു കുളിച്ചിട്ട് വരാം എന്ന് പറഞ്ഞപ്പോൾ കടവു ഒന്നും ഇപ്പോൾ ഇല്ല എന്നായിരുന്നു അമ്മയുടെ മറുപടി.. അമ്മ പറഞ്ഞത് വകവെക്കാതെ ഞാൻ കടവിലേക്ക് നടന്നു.

അമ്മ പറഞ്ഞത് ശരിയാണ്.. കടവ് എന്നത് ഓർമയിൽ മാത്രം ഉള്ളൂ ഇപ്പോൾ പരത്തി മരങ്ങളില്ല… തെളിഞ്ഞ വെള്ളം ഇല്ല.. പുഴയിലേക്ക് ചാഞ്ഞ് നിൽക്കുന്ന തെങ്ങില്ല… എന്തിനു പറയാൻ പുഴ പോലുമില്ല… ആകെ ഉള്ളത് കുറച്ച് അറവ് മാലിന്യങ്ങളും കുറെ ചെളിയും നൂലുപോലെ പുഴയും…  ഇനിയും ഇവിടെനിന്ന് അയവിറക്കിയിട്ട് കാര്യമില്ല എന്ന് മനസ്സിലായ ഞാൻ.. നേരെ വീട്ടിലേക്ക് നടന്നു.

ഓർമ്മകൾ അയവിറക്കാൻ പുറത്ത് പോയി വരുന്ന എന്നെ നോക്കി അനിയൻ ഹാഷ് ടാഗ് ഇട്ട് പറഞ്ഞു #vittil_iri_my*% പോലീസ് പുറം വഴി അടിക്കും…

ആഹാ അടിപൊളി

ഈ 13 വർഷം കൊണ്ട് എല്ലാം മാറി അമ്മയുടെ പുട്ടും കടലയും ഒഴിച്ച്. ഇനിയിപ്പോ അത് കഴിച്ച് ഓർമ്മകൾ അയവിറക്കാം.

ഒരു ഓർമ്മകൾ അയവിറക്കൽ

Nandu k sasidharan

Leave a Comment

Your email address will not be published. Required fields are marked *