കരുതലായി ‘ഓപ്പറേഷൻ ഒലീവിയ’; പിറന്ന മണ്ണിൽ മുട്ടയിടാനെത്തുന്ന ഒലിവ് റിഡ്‌ലി കടലാമകൾ

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

ഒലിവ് റിഡ്‌ലി കടലാമകൾക്ക് കരുതലിന്റെ കരങ്ങൾ നീട്ടുകയാണ് ഇന്ത്യയുടെ കോസ്റ്റ് ഗാർഡ്. 1980 കളിൽ തുടക്കമിട്ട ‘ ഓപ്പറേഷൻ ഒലീവിയ ‘ യാണ് പ്രജനനത്തിനും മുട്ടയിടാനുമായി എല്ലാ വർഷവും ഒഡീഷയുടെ കടൽത്തീരത്തെത്തുന്ന ഒലിവ് റി‌ഡ്‌ലി കടലാമകൾക്ക് സംരക്ഷണ കവചമൊരുക്കുന്നത്. എല്ലാവർഷവും നവംബർ-ഡിസംബർ മാസങ്ങളിൽ തുടങ്ങി മെയ് -ജൂൺ മാസങ്ങൾ വരെ 24 മണിക്കൂറും നീളുന്ന നിരീക്ഷണ സംവിധാനമാണ് കോസ്റ്റ്ഗാർഡ്  പതിവായി ഒരുക്കാറുള്ളത്. കോസ്റ്റ് ഗാർഡിന്റെ ഫാസ്റ്റ് പെട്രോൾ വെസൽസ്, എയർ കുഷ്യൻ വെസൽസ് ,ഇന്റർസെപ്റ്റർ ക്രാഫ്റ്റ്, ഡോർണിയർ എയർക്രാഫ്റ്റ് എന്നിവ ഉപയോഗിച്ചുള്ള പഴുതടച്ച സംവിധാനമാണ് കടലാമകൾ മുട്ടയിടാനെത്തുന്ന റൂർക്കറികളിൽ നിയമപാലനത്തിനായി ഒരുക്കുന്നത്. 2020 നവംബർ മുതൽ 2021 മെയ് വരെ ഏകദേശം 225 കപ്പൽ ദിവസങ്ങളും 388 വിമാന മണിക്കൂറുകളുമാണ് കോസ്റ്റ് ഗാർഡ് ഓപ്പറേഷൻ ആമകൾക്കായി ചെലവഴിച്ചത്. ഇതുവഴി ഒഡിഷ തീരത്ത് മുട്ടയിടാനെത്തിയ 3.49 ലക്ഷം കടലാമകളെ സംരക്ഷിക്കുവാൻ കഴിഞ്ഞതായി കോസ്റ്റ് ഗാർഡ് അധികൃതർ അവകാശപ്പെടുന്നു.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിൽ ‘വൾനറബിൾ’ വിഭാഗത്തിലാണ് ഒലിവ് കടലാമകൾ ഉൾപ്പെടുന്നത്.ഇന്ത്യയിൽ കണ്ടുവരുന്ന അഞ്ചിനം കടലാമകളേയും 1972-ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പെടുത്തി സംരക്ഷിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യങ്ങളുടെയും രാജ്യാന്തര വ്യാപാരം സംബന്ധിച്ച സൈറ്റ്സ് കരാറിന്റെ ഒന്നാം അനുബന്ധത്തിലും ഇവയ്ക്ക് സ്ഥാനമുണ്ട്. ഒഡിഷ സർക്കാറും ഒലിവ് റി‌ഡ്‌ലി കടലാമകളെ സംരക്ഷിക്കാൻ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒഡിഷ മറൈൻ ഫിഷറീസ് ആക്ട്  നടപ്പിലാക്കാൻ ചുമതലയുള്ള ഏജൻസികളിലൊന്നാണ് കോസ്റ്റ് ഗാർഡ്.

എന്താണ് അരിബാഡ ?

കടലാമകള്‍ അവയുടെ പ്രജനനകാലത്ത് മുട്ടയിടാനായി കടല്‍ത്തീരത്തണയുന്ന പ്രതിഭാസമാണ് അരിബാഡ. ആയിരക്കണക്കിന് കടലാമകളാവും ഒരുമിച്ചെത്തുക. ARRIBADA, ഒരു സ്പാനിഷ് വാക്കാണ്. ARRIVAL എന്ന് ഇംഗ്ലിഷില്‍ അര്‍ത്ഥം. ആഗമനം എന്ന് മലയാളത്തില്‍ പറയാം. ഒഡിഷയിലെ ഗഹിര്‍മാത, റിഷി കുല്യാ തീരങ്ങളില്‍ ഒലിവ് റി‌ഡ്‌ലി വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് കടലാമകള്‍ ഇങ്ങനെ പ്രജനന സമയത്തെത്താറുണ്ട്. കാലാവസ്ഥയും സുരക്ഷിതത്വവും അനുകൂലമാകുന്ന സമയത്ത് ലക്ഷക്കണക്കിനാവും കടലാമകള്‍ വരുന്നത്. 

കടലാമകളെ അറിയുക

ഭൂമിയില്‍ മനുഷ്യന്‍ ജനിക്കുന്നതിന് അനേക വര്‍ഷങ്ങള്‍ക്കു മുന്‍പ് വാസമുറപ്പിച്ച കടലാമകളെ ഒരു ചിരപുരാതന ജീവിവര്‍ഗമെന്നു വിളിക്കാം. ധ്രുവപ്രദേശളിലൊഴികെ എല്ലായിടത്തും ഇവയുടെ സാന്നിധ്യമുണ്ട്. ഉരഗ വര്‍ഗത്തില്‍പ്പെട്ട കടലാമകള്‍ക്ക് കരയാമകളെപ്പോലെ ശരീരം ഉള്‍വലിയാന്‍ കഴിയില്ല. പ്രധാനമായും ഏഴിനം കടലാമകളാണ് ലോകത്തുള്ളത്. .ലെതര്‍ബാക്ക്, ലോഗര്‍ ഹെഡ്, ഹോക്‌സ് ബില്‍, ഒലിവ് റിഡ്ഡി, ഗ്രീന്‍, ഫ്‌ളാറ്റ് ബാക്ക്, കെംപ്‌സ് എന്നിവയാണവ. മനുഷ്യന്റെ വിവേകമില്ലാത്ത ഇടപെടല്‍ മൂലം പല ഇനങ്ങളും വംശനാശ ഭീഷണി നേരിടുന്നു. നൂറു വര്‍ഷിലേറെ ആയുസ്സുള്ള ഇവയ്ക്ക് വെള്ളത്തിനടിയില്‍ എത്രനേരവും ചെലവഴിക്കാന്‍ കഴിയും. എങ്കിലും മറ്റു ഉരഗവര്‍ഗ ജീവികളേപ്പോലെ അന്തരീക്ഷവായു ശ്വസിക്കുന്നു. കാഴ്ചശക്തി താരതമ്യേന കുറവാണെങ്കിലും മണം പിടിക്കാന്‍ കഴിവധികമുണ്ട്. കടല്‍പ്പായലുകള്‍, മത്സ്യങ്ങള്‍, ഞണ്ടുകള്‍, ചെമ്മീനുകള്‍ എന്നിവ ഭക്ഷണമാക്കുന്നു.

ഒലിവ് റിഡ്‍ലി കടലാമകള്‍

കടലാമകളിലെ കുഞ്ഞന്‍. പസിഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ വാസം. ഇന്ത്യയുടെ കിഴക്കു ഭാഗത്തെയും കേരളത്തിലെയും സമുദ്രങ്ങളില്‍ കാണപ്പെടുന്ന കടലാമകളാണിവ. ആഴക്കടലില്‍ സഞ്ചരിക്കുന്ന ഇവയെ സാധാരണ സമയത്ത് കാണാന്‍ കിട്ടാന്‍ പ്രയാസമാണ്. Lepidochelys olivacea എന്ന ശാസ്ത്രനാമമുള്ള ഇവര്‍ വംശനാശ ഭീഷണിയിലാണ്. ഒരു മീറ്റര്‍ നീളമുള്ള പുറന്തോട് പേറുന്ന ഇവര്‍ക്ക് ഏകേദശം 150 കിലോഗാം ഭാരമുണ്ടാകും. പുറന്തോടിന് ഒലിവിലയുടെ പച്ച കലര്‍ന്ന തവിട്ടു നിറവും അടിഭാഗത്തിന് ഇളം മഞ്ഞ നിറവുമാണ് കാണുക. മുതുകിലും വശങ്ങളിലും ശല്‍ക്കങ്ങളുണ്ടാകും. ആഴക്കടലിലെ സഞ്ചാരത്തിന്റെ 10-15 മിനിറ്റ് ഇടേവളകളില്‍ അന്തരീക്ഷ വായു ശ്വസിക്കാന്‍ ജലോപരിതലത്തിലെത്തുന്നു. ജെല്ലി ഫിഷ്, കൊഞ്ച്, ഒച്ച്, ഞണ്ട്, മത്സ്യങ്ങള്‍ എന്നിവയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത്. ഒലിവ് റിഡ്ഡി ആമകളുടെ 50 ശതമാനവും മുട്ടയിടാന്‍ ഒഡിഷ തീരത്താണെത്തുന്നത്.

നമ്മുടെ അതിഥികള്‍

ഒലീവ് റിഡ്ഡിക്കു പുറമേ ഗ്രീന്‍, ഹോക്‌സ് ബില്‍, ലെതര്‍ ബാക്ക്, ലോഗര്‍ ഹെഡ് എന്നീ ഇനങ്ങള്‍ ഇവയുടെ തീരങ്ങളില്‍ മുട്ടയിടാനെത്തുന്നു. സാധാരണ നവംബര്‍ മാസത്തിലാണ് ഇവ കൂട്ടമായി എത്താറുള്ളത്. ലോഗര്‍ ഹെഡ് തമിഴ്‌നാട്ടിലെ തെക്കന്‍ തീരപ്രദേശളിലും, ഹോക്‌സ് ബില്‍ ആന്തമാന്‍ ദീപുകളിലും, ഗ്രീന്‍ ടര്‍ട്ടിലുകള്‍ ഗുജറാത്ത് ലക്ഷദ്വീപ് ആന്തമാന്‍ തീരങ്ങളിലും അതിഥിയായെത്തുന്നു. ഒലീവ് റിഡ്ഡിയാകട്ടെ ഇന്ത്യയുടെ കിഴക്കന്‍ തീരപ്രദേശളുടെ വിശേഷാതിഥിയാണ്.

കൗതുകകരമായ മുട്ടയിടീല്‍ വിശേഷങ്ങള്‍

നേറ്റല്‍ ഫിേലാപാട്രി എന്ന ജൈവപ്രതിഭാസം മനോഹരമായി പ്രദര്‍ശിപ്പിക്കുന്ന ജീവികളാണ് കടലാമകള്‍. പെണ്ണാമകള്‍ മുട്ടയിടാനായി വര്‍ഷങ്ങള്‍ക്കു ശേഷം തെരെഞ്ഞെടുക്കുന്നത് താന്‍ ജനിച്ചു വീണ അതേ തീരമായിരിക്കുമെന്ന കൗതുകമാണിത്. ദേശാടനപ്രിയരായ ഇവര്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ ഇതിനായി യാത്ര ചെയ്യാന്‍ മടിക്കാറില്ല. മുട്ട വിരിഞ്ഞ് കടലിലേക്കിറങ്ങിയ ആണ്‍ കടലാമകള്‍ പിന്നെയൊരി ക്കലും കരയിലേക്ക്

വരാറുമില്ല. എന്നാല്‍ പെണ്ണാമകള്‍ പ്രായപൂര്‍ത്തിയാവുന്ന 15-20 വര്‍ഷങ്ങില്‍ കടലിന്റെ അനന്തതയില്‍ എവിടെയായിരുന്നാലും താന്‍ പിറന്ന തീരം തേടിയെത്തുന്നു. രാത്രികളില്‍ കടല്‍ത്തീരത്ത് ഇഴഞ്ഞു കയറി, കുഴികള്‍ തുരന്നുണ്ടാക്കി അതില്‍ മുട്ടയിടുന്നു. പിന്നീട് കുഴികള്‍ ദദ്രമായി മൂടിയതിനു ശേഷം കടല്‍യാത്ര തുടരുന്നു. തീരത്തെ മണല്‍ മണ്ണിന്റെ ചൂടേറ്റ് 45-60 ദിവസംകൊണ്ട് മുട്ടകള്‍ വിരിയുന്നു. കടല്‍ മണ്ണിന്റെ ചൂടു കൂടിയാല്‍ വിരിഞ്ഞിറങ്ങുന്നവയിലധികം പെണ്ണാമകളാകുമെന്ന് പഠനങ്ങളുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ആരോ പഠിപ്പിച്ചുവച്ചതുപോലെ കടല്‍ തേടി യാത്രയാവുന്നു.

കടലാമകളുെട പ്രാധാന്യം

കടലിന്റെ ആരോഗ്യപരമായ നിലനില്‍പ്പില്‍ കടലാമകള്‍ക്കും പങ്കുണ്ട്. കടല്‍ക്കളകളെ ഭക്ഷണമാക്കുന്ന ഇവര്‍ അവയുടെ വളര്‍ച്ചയും, വ്യാപനവും ഉറപ്പാക്കുന്നു. കടല്‍ക്കളകളാകട്ടെ മത്സ്യങ്ങളുടെ ഭക്ഷണമാകുന്നു. കടലിലെ ഭക്ഷ്യശൃംഖലയുടെ ആരോഗ്യപരമായ നിലനില്‍പിന് കടലാമകള്‍ കണ്ണിയാകുന്നു. 

ഭീഷണികള്‍ പലവിധം

കടല്‍ മലിനീകരണം, തീര മലിനീകരണം, അശാസ്ത്രീയ മത്സ്യബന്ധനം, തീര പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മനുഷ്യന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ടും അല്ലാതെയും കടലാമകളെ ബാധിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാ മാറ്റവും ആമകളുടെ പ്രജനനരീതികളെയും, മുട്ടവിരിയലിനെയും മാറ്റിമറിക്കുന്നു. പ്ലാസ്റ്റിക് ഭക്ഷിച്ചും ട്രോളിങ്ങ് നെറ്റില്‍ കുരുങ്ങിയും കടല്‍ഭിത്തി മൂലം തീരത്തണയാന്‍ കഴിയാതെയും കടലാമകള്‍ അതിജീവന ഭീഷണിയിലാണ്. മുട്ട വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങള്‍ക്കു പോലും കടലില്‍ ജീവിതം തുടങ്ങുന്നതു വരെ നിരവധി ശത്രുക്കളില്‍ നിന്നും രക്ഷപെടണം.

Source: Manoramaonline

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

More To Explore

Fishing Freaks - News
News

ശരീരമാകെ പൊള്ളിയടർന്നു; മരണം കാത്ത് ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങൾ, കാരണം?

വടക്കുപടിഞ്ഞാറൻ പസിഫിക് മേഖലയിൽ താപതരംഗത്തെ തുടർന്ന് കൊളംബിയ നദിയിലെ ജലത്തിന്റെ ചൂട് വർധിച്ചതോടെ ജീവനോടെ വെന്ത നിലയിൽ കഴിയുകയാണ് നദിയിലെ

mango meadows - fishing freaks
News

ജപ്തി ഭീഷണിയിൽ മാംഗോ മെഡോസ്; നഷ്ടം 20 കോടി

‘കേരളത്തില്‍ കാണപ്പെടുന്ന മുഴുവന്‍ ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്’ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുള്ള മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് ഉടമ

Notify me We will inform you when the product arrives in stock. Please leave your valid email address below.