വിനോദം എന്ന വാക്ക് തന്നെ മനസിന് കുളിർമ നൽകുന്ന ഒന്നാണ്. പ്രായം മനസിനെ തളർത്താത്ത കാലത്തിടത്തോളം പ്രായഭേദമന്യേ എല്ലാ മനുഷ്യരും ഇഷ്ടപെടുന്നത് സമാധാനപരമായതും സന്തോഷം നിറഞ്ഞതുമായ ഒരു ജീവിതം തന്നെയാണ്. യാത്രകളും കാഴ്ചകളും മനുഷ്യന് നൽകുന്നത് പറഞ്ഞ് അറിയിക്കാൻ സാധിക്കാത്ത സന്തോഷമാണ്. കാടും , മഴയും, പുഴയുമൊന്നും നമ്മുക്ക് ഇന്നും അന്യം വന്നു പോയിട്ടില്ല. നമ്മൾ അതിനെയൊക്കെ സംരക്ഷിക്കുന്ന കാലത്തിടത്തോളം അവ നമ്മളെയും സ്വന്തം മക്കളെ പോലെ സ്നേഹിക്കും.
കുട്ടികളുടെ ചിന്തകൾ നൂലില്ലാത്ത പട്ടം പോലെ വിശാലമാണ്, എന്ത് കണ്ടാലും അവർക്ക് സംശയങ്ങൾ കൂടിക്കൊണ്ടേ ഇരിക്കും, അവർ ആദ്യമായി സംസാരിച്ചു തുടങ്ങുന്നതേ എന്തെങ്കിലും സംശയങ്ങൾ ചോദിച്ചു കൊണ്ടാവും.
പ്രകൃതിയോട് ഇഴുകി ചേർന്ന് ജീവിക്കാനുള്ള സ്വാതന്ത്ര്യം അവർക്കു അനുവദിച്ചു കൊടുക്കുന്നതുമുതൽ അവരുടെ ചിന്താശേഷിയും ഭാവനശേഷിയും ഉയർന്നുകൊണ്ടേയിരിക്കും. സഹജീവികളെ സ്നേഹിക്കാനും അവരോടു എങ്ങനെ പെരുമാറണം എന്നും അവർ സ്വയം പഠിക്കും. സംശയങ്ങൾക്കെല്ലാം അവരുടെ പ്രിയപ്പെട്ടവർ തന്നെ മറുപടി കൊടുക്കുമ്പോൾ അതിലെ നല്ലത് ഉൾക്കൊണ്ട് ഭാവിയിൽ ഉയർച്ചയിലേക്കു എത്താൻ അത് സഹായമാകും. സ്വന്തം സന്തോഷത്തിനുപരി ചുറ്റുമുള്ളവരുടെ സന്തോഷത്തിനു പ്രാധാന്യം കൽപ്പിക്കാൻ അവനെ പ്രേരിപ്പിക്കും.
നമ്മുടെ പാടങ്ങളും, പുഴകളും, മലകളും നമ്മുടെ സ്വത്തായി കണ്ടു അതിന്റെ വളർച്ചയിൽ നമുക്കാവും വിധം പങ്കുചേർന്നു അതിനെയൊക്കെ സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിന്റെ ആവശ്യകതയൊക്കെ മനസിലാക്കി വളരുന്ന ഒരു കുട്ടി മുതിർന്നവർക്കും പ്രചോദനമാണ്. അങ്ങനെയുള്ള തലമുറയാണ് കാലത്തിനാവശ്യം.
അതുകൊണ്ടുതന്നെ ഓരോ കുട്ടികളുടെയും വളർച്ചയിൽ വിനോദത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. അതിനുള്ള അവസരങ്ങൾ ഉണ്ടാകുമ്പോൾ ആരും അവരിൽനിന്നു അത് അടർത്തിമാറ്റാതിരിക്കുക. പ്രകൃതിയോട് ഇണങ്ങി മണ്ണിന്റെമണവും, മഴയുടെഗന്ധവും, പ്രകൃതിയുടെസൗന്ദര്യവും അനുഭവിച്ചു അവർ വളരട്ടെ. നല്ലൊരു തലമുറയെ സൃഷ്ടിച്ചെടുക്കാൻ എല്ലാവരും നിമിത്തമാവുക.

Rajesh Robert