തടാകത്തില്‍ വെള്ളമില്ല, മീനുകള്‍ ചത്തുപൊന്തി

തടാകത്തില്‍ വെള്ളമില്ല, മീനുകള്‍ ചത്തുപൊന്തി

ജോധ്പുര്‍:  സോയ്‌ല ഗ്രാമത്തിലെ ഒരു തടാകത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തി. തടാകത്തില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്നാണ് മീനുകള്‍ ചത്തതെന്ന് സോയ്‌ല ഗ്രാമത്തിലെ റവന്യൂ ഓഫീസര്‍ പറഞ്ഞു.

മണ്‍സൂണ്‍ വരുന്നതുവരെ തടാകത്തിലെ മറ്റു മീനുകള്‍ ജീവനോടെ നിലനില്‍ക്കുന്നതിനായി പണം കൊടുത്ത് തടാകത്തില്‍ വെള്ളം നിറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമവാസികള്‍. കിഴക്കന്‍ രാജസ്ഥാനിലെ ജലക്ഷാമം എത്രത്തോളം രൂക്ഷമാണെന്നുള്ളതിന് തെളിവാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയ സംഭവം.

‘മഴയില്ല, അതുകൊണ്ട് ജലനിരപ്പ് വല്ലാതെ താഴ്ന്നു. ഒരാളില്‍ നിന്ന് 300 രൂപ വീതം പിരിച്ച് തടാകത്തില്‍ വെളളം നിറയ്ക്കുന്നതിനായി വാട്ടര്‍ ടാങ്കര്‍ സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ജലക്ഷാമം ആശുപത്രികളെയും അഗ്നിശമനസേനയെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. കോവിഡ് 19 പശ്ചാത്തലത്തില്‍ ഇടയ്ക്കിടെ ശുചീകരണം നടത്തേണ്ടതിനാല്‍ ജലവിഭവവകുപ്പിന്റെ സമ്മര്‍ദ്ദം കൂട്ടിയിട്ടുണ്ട്. 

മണ്‍സൂണ്‍ എത്തുംവരെ പിടിച്ച് നില്‍ക്കുന്നതിനായി തഖട് സാഗര്‍ തടാകം, കല്യാണ തടാകം, സുര്‍പുര ഡാം എന്നിവിടങ്ങളില്‍ നിന്ന് ജോധ്പുര്‍ നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നത് കുറച്ചിട്ടുണ്ട്. ജൂണ്‍ 25 ന് രാജസ്ഥാനില്‍ മണ്‍സൂണെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

Source: mathrubhumi.com

Leave a Comment

Your email address will not be published. Required fields are marked *