ദാഹിക്കുമ്പോള്‍ കിട്ടാതാകണം, അപ്പൊ അറിയാം വെള്ളത്തിന്റെ പവര്‍ | അതിജീവനം 72

Fishing Freaks.News

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

അനിയന്ത്രിതമായ മണലെടുപ്പ് കാരണം ഇപ്പോള്‍ പലസ്ഥലങ്ങളിലും വലിയ കുഴികളാണ്. ഇരട്ടി ആഴമായതിന് പുറകിലെ ഒരു കാരണവും അതാണ്. സ്വാഭാവിക അവസ്ഥ നഷ്ടമായതോടെ മീന്‍ ലഭ്യതയും വല്ലാതെ കുറഞ്ഞിട്ടുണ്ട്.

‘ചെലോര് വല്ലാതെ പരിഹസിക്കും. അനക്ക് ഇത് എന്തിന്റെ പ്രാന്താണെന്ന് ചോദിക്കുന്നോരും ഇണ്ട്. അതൊന്നും ഞാന്‍ വെലവെക്കാറില്ല. ദാഹിച്ചു നിക്കുമ്പൊ ഈ സാധനം കിട്ടാതെ ആകണം. അപ്പൊ അറിയ വെള്ളത്തിന്റെ പവര്‍. ഈ ജാഡ വര്‍ത്താനം ഒക്കെ അന്നേ നിക്കൂ. വെള്ളം പടച്ചോനാണ് മോനെ.’  

പറഞ്ഞു കൊണ്ടിരിക്കെ പുഴയിലൂടെ ഒഴുകിവന്ന പ്ലാസ്റ്റിക്ക് കുപ്പിയെ ലക്ഷ്യമാക്കി തോണി തുഴഞ്ഞു. വെള്ളം നിറഞ്ഞ് അത് താഴ്ന്ന് പോകുമ്പോഴേക്കും ചെറിയ വലയില്‍ കുരുക്കി തോണിയിലേക്കിട്ടു. പുഴയുടെ അടിത്തട്ടിലേക്ക് താഴുന്നതിന് മുന്‍പെ എടുക്കാന്‍ സാധിച്ചതിന്റെ സന്തോഷം ആ മുഖത്ത് പ്രകടമായിരുന്നു. അബ്ദുള്‍ ഖാദറിന് പുഴയെന്നാല്‍ ആത്മാവാണ്. 

വയനാട് അടിവാരത്തെ തൊട്ടുതലോടി കൊണ്ടാണ് ചെറുപുഴ കോഴിക്കോട് മാവൂരിലേക്ക് കടക്കുന്നത്. പല നാടിന്റെ ഗന്ധവും ഒപ്പം മാലിന്യവും പേറിയാണ് കുറ്റിക്കടവിലേക്ക് എത്തുക. അപ്പോഴേക്കും ഊര്‍ദ്ധശ്വാസം വലിക്കുന്ന അവസ്ഥയിലായിക്കാണും. എന്നാല്‍ പെരിയകടവ് മുതല്‍ കഥ പാടെ മാറും. അതിജീവനത്തിന്റെ ഓക്‌സിജന്‍ സിലിണ്ടറുമായി ഖാദര്‍ കാത്തു നില്‍ക്കുന്നുണ്ടാകും. പുഴയെ ശ്വാസം മുട്ടിക്കുന്ന മാലിന്യങ്ങള്‍ ഒരോന്നായി വലയില്‍ കുരുക്കും. തെങ്ങിലോട്ട് കടവ് പാലം വരെയുള്ള നാലു കിലോ മീറ്റര്‍ നീളത്തില്‍ പുഴ അമൃതവാഹിനിയാണ്. ഖാദറിക്കയുടെ കണ്ണുവെട്ടിച്ച് ഒരു മാലിന്യവും പുഴയുടെ മാറില്‍ ഒളിപ്പിക്കാന്‍ സാധിക്കില്ല.  
  
ചെറുപുഴയെ കണ്ണിമ ചിമ്മാതെ കാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിനഞ്ചായി. അതിന്റെ ഫലം നാലു കിലോ മീറ്റര്‍ ദൂരം പുഴയില്‍ പ്രകടവുമാണ്. അതിരാവിലെ എഴുന്നേറ്റ് കട്ടന്‍ ചായയും കുടിച്ച് നേരെ പോകുന്നത് ചെറുപുഴയിലേക്കാണ്. മാലിന്യങ്ങള്‍ നീക്കി കഴിഞ്ഞിട്ടെ  ഭക്ഷണം കഴിക്കൂ. ഉറങ്ങുംവരെ മനസ്സില്‍ പുഴയാണ്. പണ്ടൊക്കെ വിശക്കുമ്പോള്‍ കൈക്കുമ്പിളില്‍ കോരി കുടിച്ചതിന്റെ തണുപ്പ് ഇപ്പോഴും ആമാശയത്തില്‍ ഉള്ളതുകൊണ്ടാവണം. അത്രമേല്‍ അദ്ദേഹത്തിന്റെ ശരീരവും മനസ്സും പുഴയായി മാറിയത്. തന്റെ ജീവിതത്തിലൂടെ ജലത്തിന്റെ പ്രസക്തി ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുകയാണ് അബ്ദുള്‍ ഖാദര്‍. 

Fishing Freaks.News_01

ഖല്‍ബാണ് പുഴ

അന്നം തിരഞ്ഞുള്ള ഓട്ടത്തിനിടയ്ക്ക് പലപ്പോഴും ഓലപ്പുര കെട്ടിമേയാന്‍ സാധിക്കാറില്ല. കര്‍ക്കിടകത്തിലെ മഴക്കാലം ഓര്‍മ്മകളുടെ സങ്കടക്കാലമാണ്. ചെറുപുഴ കുത്തി ഒഴുകുന്നത് വീടിന്റെ ഇറയത്തു നിന്നാല്‍തന്നെ കാണാന്‍ സാധിക്കും. മഴ പതിയെ കൂടി പേമാരിയാവുന്നത് വരെ പാതി ഒഴിഞ്ഞ വയറുമായി നോക്കി നില്‍ക്കും. നിമിഷങ്ങള്‍ക്കകം മഴ വന്ന് മൂടും. ഒപ്പം ചെറുപുഴയും വീടിനൊപ്പം ഉയര്‍ന്ന് വരും. മഴക്കൊപ്പം പുരമേഞ്ഞ ഓലക്കുള്ളിലൂടെ വെള്ളം അരിച്ചിറങ്ങുന്നുണ്ടാകും. അകവും പുറവും മഴ നിന്ന് പെയ്യും.

അഹമ്മദ് കുട്ടിയുടെയും കുഞ്ഞാത്തുമ്മയുടെയും 11 മക്കളില്‍ മൂന്നാമനാണ് അബ്ദുള്‍ ഖാദര്‍. അക്കാലത്ത് വിദ്യാലയത്തില്‍ പോകുന്നതിനേക്കാളും കൈത്തൊഴില്‍ പഠിക്കുന്നതിനായിരുന്നു മുന്‍ഗണന. സാമ്പത്തികമായി ഉയര്‍ന്നവര്‍ക്ക് മാത്രം സാധ്യമായിരുന്ന ഒന്നായിരുന്നു വിദ്യാലയം. മര മില്ലിലെ ജോലിയായിരുന്നു ഉപ്പ അഹമ്മദ് കുട്ടിക്ക്. പതിമൂന്നാം വയസ്സില്‍ അദ്ദേഹത്തിന്റെ കൂടെ മില്ലിലേക്ക് പോയി തുടങ്ങിയതാണ്. അക്ഷരങ്ങള്‍ വായിക്കാനും എഴുതാനും തുടങ്ങിയത് ജീവിതാനുഭവങ്ങളില്‍ നിന്നാണ്.

പണി കഴിഞ്ഞ് വന്നാല്‍ നേരെ പോകുന്നത് പുഴയിലേക്കാണ്. ആവശ്യത്തിനുള്ള മീന്‍ പിടിക്കും. പിന്നീട് വിസ്തരിച്ചൊരു കുളിയും. ദാഹം മാറ്റാനുള്ള വെള്ളം അതിനകംതന്നെ വയറ്റിലാക്കും. അന്നൊക്കെ പുഴയില്‍ ഇന്നുള്ളതിന്റെ പകുതി വെള്ളമെ ഉണ്ടായിരുന്നുള്ളു. അനിയന്ത്രിതമായ മണലെടുപ്പ് കാരണം ഇപ്പോള്‍ പലസ്ഥലങ്ങളിലും വലിയ കുഴികളാണ്. ഇരട്ടി ആഴമായതിന് പുറകിലെ ഒരു കാരണവും അതാണ്. സ്വാഭാവിക അവസ്ഥ നഷ്ടമായതോടെ മീന്‍ ലഭ്യതയും വല്ലാതെ കുറഞ്ഞിട്ടുണ്ട്. പുഴയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറയുമ്പോള്‍ ഖാദറിക്കയുടെ നെഞ്ചിന്റെ നീറ്റല്‍ കണ്ണില്‍ ദൃശ്യമായിരുന്നു. അത്രത്തോളം ഖല്‍ബിനോട് ചേര്‍ത്ത് തുന്നിയിട്ടുണ്ട് ചെറുപുഴയെ.

Fishing Freaks

ഓര്‍മ്മയിലെ ചെറുപുഴ

കൃഷിക്കും കുടിക്കാനും എന്ന് വേണ്ട ജീവിതത്തിന്റെ ഓരോ നിമിഷത്തിലും പുഴ കൂടെ ഉണ്ടായിരുന്നു. അദൃശ്യമായ പുഴയുടെ വേരുകള്‍ ഖാദറിന്റെ മനസ്സിലും ആഴ്ന്നിറങ്ങിയിരുന്നു. ഖദീശയെ കൈപിടിച്ച് കൊണ്ടുവന്നതോടെ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. ആളുകളുടെ എണ്ണം കൂടിയതോടെ വീടു മാറേണ്ടി വന്നു. അപ്പോഴും ചെറുപുഴ വിട്ട്  പോകാന്‍ സാധിച്ചില്ല. പുഴ കാണാന്‍ സാധിക്കുന്ന മറ്റൊരു പറമ്പ് തന്നെ വാങ്ങി. ഉള്ളതെല്ലാം സ്വരുക്കൂട്ടി ഓലവീട് കെട്ടി. പുഴയെ കാണാനും ചെവിയോര്‍ത്താല്‍ ഒഴുക്കിന്റെ മര്‍മ്മരം കേള്‍ക്കാനും സാധിച്ചപ്പോള്‍ ആ വീട് സ്വര്‍ഗ്ഗമായി. 

ഒന്‍പത് മക്കള്‍ കൂട്ടായി വന്നു. ഉത്തരവാദിത്തങ്ങളും ഇരട്ടിയായി. മരമില്ലിലെ പണി കൂടുതല്‍ സമയം ചെയ്യേണ്ടി വന്നു. അപ്പോഴേക്കും പുഴ ജീവിതത്തില്‍നിന്ന് അകന്നു പോയിരുന്നു. അത് തിരിച്ചറിയാന്‍ സാധിച്ചെങ്കിലും നിസ്സഹായനായിരുന്നു. നോക്കിനില്‍ക്കെ കാലങ്ങള്‍ കടന്നുപോയി. പേമാരി കാലം തെറ്റി പെയ്യാനും മനുഷ്യ ജീവിതത്തിന് തന്നെ ഭീഷണിയായി മഹാപ്രളയങ്ങള്‍ ഉണ്ടാകാനും തുടങ്ങി. 

മഴയോടും പുഴയോടുമുള്ള പണ്ടത്തെ ഇഷ്ടം പതിയെ മാഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍, പ്രകൃതിക്ക് മനുഷ്യന്‍ ഏല്‍പ്പിച്ച മുറിവുകളെ കുറിച്ച് തിരിച്ചറിയാന്‍ ആ അകല്‍ച്ച ഇടയാക്കി. പ്രകൃതിവിഭവങ്ങളെ മനുഷ്യന്‍ അടിമുടി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയെന്ന യാഥാര്‍ഥ്യം വാര്‍ത്തകളിലൂടെ ഉള്‍ക്കൊണ്ടു. തന്റെ ചുറ്റുപാടുകളിലെ കാഴ്ച ആ വാര്‍ത്തകള്‍ അടിവരയിടുന്നതായിരുന്നു. കൂടുതല്‍ സൂക്ഷ്മമായി പ്രകൃതിയെ കാണാന്‍ തുടങ്ങി. തനിക്കൊപ്പം ഒഴുകിയിരുന്ന പുഴ അപ്പോഴേക്കും തളര്‍ന്ന് മരണാസന്നയായ അവസ്ഥയില്‍ എത്തിയിരുന്നു. പരന്ന് ഒഴുകുന്ന മാലിന്യങ്ങള്‍ കൂടെ കണ്ടപ്പോള്‍ ദുഃഖം കണ്ണില്‍ നിറഞ്ഞു.  

കരുതി കൈമാറാനുള്ളതാണ് ജലം

ആലോചിക്കാനുള്ള സമയം പോലുമില്ല എന്ന യാഥാര്‍ഥ്യം ഖാദര്‍ തിരിച്ചറിഞ്ഞു. മീന്‍ വല പ്രത്യേക രീതിയില്‍ വലിയ മരക്കമ്പില്‍ കെട്ടി മാലിന്യങ്ങള്‍ നീക്കാന്‍ ആരംഭിച്ചു. എടുക്കും തോറും അടുത്ത ദിവസം ഇരട്ടിക്കുന്നതും അദ്ദേഹം തിരിച്ചറിഞ്ഞു. കാര്യക്ഷമമായി മാലിന്യങ്ങള്‍ എടുക്കാന്‍ തോണി വേണം എന്ന ചിന്തയില്‍ എത്തിയത് അങ്ങനെയാണ്. അറിയാവുന്ന നാട്ടുകാരോടും കയ്യിലുള്ളതുമെല്ലാം കൂട്ടി ചെറിയ ഫൈബര്‍ തോണി വാങ്ങി. 

പുലരുമ്പോള്‍ മുതല്‍ അധ്വാനമാണ്. പുഴയില്‍ പതിയെ മാലിന്യങ്ങള്‍ കുറഞ്ഞു. പ്ലാസ്റ്റിക് വെയ്‌സ്റ്റ് മുക്കത്തുള്ള പ്ലാസ്റ്റിക് പുന്‍ര്‍ നിര്‍മ്മാണ യൂണിറ്റ് കൊണ്ടുപോകും. മണ്ണില്‍ അഴുകുന്നവ കുഴിച്ചിടും. വളമുണ്ടാക്കാനും ശ്രമിച്ചിരുന്നു. പുഴയിലേക്ക് ഒന്നും ഉപേക്ഷിക്കരുതെന്ന് ആളുകളോട് നിര്‍ദ്ദേശിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. തുടര്‍ന്നാണ് അത്തരം മാലിന്യങ്ങള്‍ വീട്ടില്‍ വന്ന് ശേഖരിക്കാന്‍ തയ്യാറാണെന്ന് നാടിനോടാകെ പറഞ്ഞത്. ആ വാക്കുകളിലെ സത്യസന്ധത ഒരു നാട് തിരിച്ചറിയുകയായിരുന്നു. പിന്നീടാരും പുഴയെ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമായി കണ്ടിട്ടില്ല. അദ്ദേഹത്തിനൊപ്പം പുഴക്കായി നാടും കൈകോര്‍ക്കുകയായിരുന്നു. 

ഇപ്പോള്‍ ചെറുപുഴ ശാന്തമാണ്. എന്നാല്‍ കഴിഞ്ഞ പ്രളയജലത്തിനൊപ്പം ഒഴുകി വന്നത് 1465 കിലോ പ്ലാസ്റ്റിക്കാണ്. ഒന്നും പുഴയില്‍ താഴാന്‍ അനുവദിക്കാതെ കരയ്ക്ക് കയറ്റിയിട്ടുണ്ട്. ‘വെള്ളത്തിലേയ്ക്ക് വീണ ഓലയ്ക്ക് മുകളിലൂടെ വന്ന് വെള്ളം കുടിച്ച് വരിവരിയായി തിരികെ പോകുന്ന ഉറുമ്പിനെ കാണാന്‍ ഒരിക്കലെങ്കിലും പുഴയോരത്ത് വരണം. കുടിവെള്ളത്തിന്റെ ആവശ്യകതയെ കുറിച്ച് ഉറുമ്പില്‍നിന്ന് പോലും വലിയ പാഠങ്ങള്‍ മനുഷ്യന് പഠിക്കാന്‍ ഉണ്ട്.’ പറഞ്ഞു തീര്‍ക്കും മുന്‍പെ ഒഴുകി വന്ന മറ്റൊരു പ്ലാസ്റ്റിക് കവര്‍ ലക്ഷ്യമാക്കി അദ്ദേഹം തുഴഞ്ഞു.  

Source: Mathrubumi.com

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

More To Explore

Fishing Freaks - News
News

ശരീരമാകെ പൊള്ളിയടർന്നു; മരണം കാത്ത് ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങൾ, കാരണം?

വടക്കുപടിഞ്ഞാറൻ പസിഫിക് മേഖലയിൽ താപതരംഗത്തെ തുടർന്ന് കൊളംബിയ നദിയിലെ ജലത്തിന്റെ ചൂട് വർധിച്ചതോടെ ജീവനോടെ വെന്ത നിലയിൽ കഴിയുകയാണ് നദിയിലെ

mango meadows - fishing freaks
News

ജപ്തി ഭീഷണിയിൽ മാംഗോ മെഡോസ്; നഷ്ടം 20 കോടി

‘കേരളത്തില്‍ കാണപ്പെടുന്ന മുഴുവന്‍ ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്’ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുള്ള മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് ഉടമ

Notify me We will inform you when the product arrives in stock. Please leave your valid email address below.