‘പാലപ്പൂവനെ’ തേടി ആഗ്രയില്‍ നിന്നൊരു പെണ്‍കുട്ടി; കൗതുകം നിറച്ച് ഒരു ആമക്കഥ

FF_News

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

സൗഗന്ധികപ്പൂവ് തേടി ഭീമന്‍ അലഞ്ഞ കഥ കേള്‍ക്കാത്തവര്‍ ചുരുക്കമാവും. പക്ഷേ, ‘ഭീമന്‍ ആമ’യെ തേടി ആയുഷി ജെയ്ന്‍ എന്ന പെണ്‍കുട്ടി ആഗ്രയിലെ ഗ്രാമത്തില്‍ നിന്ന് കേരളത്തിലെത്തിയ കഥ ഒരുപക്ഷേ കേട്ടിരിക്കില്ല. 22–ാം വയസിലാണ് ‘പാലപ്പൂവന്‍’ എന്ന് കാസര്‍കോട്ടുകാര്‍ വിളിക്കുന്ന അപൂര്‍വയിനം ഭീമൻ ആമയെ തേടി ആയുഷി കേരളത്തിെലത്തിയത്. അവസാനമായി 10 വര്‍ഷം മുമ്പായിരുന്നു പാലപ്പൂവനെ കണ്ടെത്തിയതായി ഇന്ത്യയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആമയെ തേടിയുള്ള യാത്രയെ കുറിച്ച് ആയുഷി മനോരമയോടു പറയുന്നു. 

ആരാണീ പാലപ്പൂവന്‍? എന്തുകൊണ്ട് ആമ?

പാലപ്പൂവിന്റെ ആകൃതിയില്‍ തലയുള്ളതുകൊണ്ട് കാസര്‍കോട്ടുകാര്‍ ‘ജയന്‍റ് സോഫ്റ്റ്ഷെൽ ടര്‍ട്ടിലി’നിട്ട പേരാണ് പാലപ്പൂവന്‍ എന്ന്. ഇന്ത്യയില്‍ മറ്റെല്ലായിടത്തും ഇതിനെ ഭീമന്‍ ആമയെന്നാണ് പറയുന്നത്.  20–ാം വയസിലാണ് ഞാന്‍ ആദ്യമായി ജീവനുള്ള ആമയെ കാണുന്നത്. ആ കാഴ്ചയിലെ കൗതുകമാണ് പാലപ്പൂവനെ തേടിയുള്ള യാത്രയിലാണ് അവസാനിച്ചതെന്ന് മാത്രം.  

മൃഗങ്ങളോടൊക്കെ എനിക്ക് ചെറുപ്പം മുതലേ വലിയ ഇഷ്ടമായിരുന്നു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോള്‍ ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനായി ആളുകള്‍ നടത്തുന്ന ശ്രമങ്ങളും അതേക്കുറിച്ചുള്ള പഠനങ്ങളും ശ്രദ്ധയിൽപ്പെട്ടു. പ്ലസ്ടുവിന് ബയോളജി പഠിപ്പിച്ച ടീച്ചറാണ് ശരിക്കും എന്നെ ഈ മേഖലയിലേക്ക്  വഴി തിരിച്ച് വിട്ടത്. ആഗ്ര പോലൊരു ചെറിയ നാട്ടിൽ ജീവിച്ചിരുന്ന എനിക്ക് തീർത്തും അപ്രാപ്യമായിരുന്ന ലോകമായിരുന്നു ഇത്. ആകെ ഞാനും എന്റെയൊരു സുഹൃത്തും മാത്രമാണ് ഉപരിപഠനത്തിനായി മറ്റ് സ്ഥലങ്ങളിലേക്ക് വന്നിട്ടുള്ളത്.

കേരളത്തിലേക്കുള്ള വഴി

ഒരു ഒക്ടോബറിലാണ് ആദ്യമായി ഇവിടെ എത്തുന്നത്. പാലപ്പൂവൻ എന്ന് കാസർകോട്ടുകാർ വിളിക്കുന്ന ഈ ഭീമൻ ആമ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ കണ്ടെത്തിയതായി മുൻപ് റിപ്പോർട്ടുണ്ടായിരുന്നു. അവസാനം പാലപ്പൂവനെ കണ്ടെത്തിയത് പത്ത് വർഷങ്ങൾക്ക് മുന്നെ കേരളത്തിലാണെന്ന് സർവേ റിപ്പോർട്ടിൽ കണ്ടതോടെയാണ് കേരളം തിരഞ്ഞെടുത്തത്. ഡോക്ടർ ജാഫർ പാലോട്ടായിരുന്നു അവസാനമായി പാലപ്പൂവനെ കണ്ടെത്തിയത് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതോടെ അദ്ദേഹത്തെ ബന്ധപ്പെട്ടു. കേരളത്തിലെത്തിയാൽ വേണ്ട സഹായം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പാലപ്പൂവനെ തേടിയുള്ള ഈ യാത്രയിൽ എല്ലാവരുടെയും പിന്തുണ എനിക്ക് ലഭിച്ചിട്ടുണ്ട്. 2019 മേയിലാണ് കേരളത്തിൽ ഇതിന് വേണ്ടി താമസിക്കാൻ തുടങ്ങിയത്. അങ്ങനെ പയസ്വിനിപ്പുഴ ചന്ദ്രഗിരിപ്പുഴയായി മാറുന്ന പ്രദേശത്ത് പഠനത്തിനായി കൂടുതൽ സമയം ചിലവഴിച്ചു.

‘ആമേടെ മുട്ട ഞാന്‍ കണ്ടിട്ടുണ്ട്, ആ കുട്ടിയെവിടെ?’

‘ആമേടെ മുട്ട ഞാന്‍ കണ്ടിട്ടുണ്ട്, ആ കുട്ടിയെവിടെ?’ ജീവിതത്തില്‍ കേട്ട മില്യണ്‍ ഡോളര്‍ ചോദ്യമായിരുന്നു അത്. കാരണം പാലപ്പൂവനെ തേടിയുള്ള യാത്രയില്‍ ആദ്യത്തെ ആറുമാസം ആളുകളെ നേരില്‍ കാണുക മാത്രമാണ് ചെയ്തത്. ആമയെ നോക്കാനോ, പുഴയോരത്ത് പോകാനോ ഒന്നും ശ്രമിച്ചില്ല. ഒരാളിൽ നിന്ന് അടുത്തായാളിലേക്ക് സഞ്ചരിച്ചു. എനിക്ക് പാലപ്പൂവനെ കുറിച്ച് അറിയാവുന്നതെല്ലാം പറഞ്ഞു. ആമയെ കണ്ടിട്ടുള്ളതായി ചിലരൊക്കെ പറഞ്ഞു. അവരിൽ നിന്ന് കൂടുതൽ വിവരം തേടി. ഇരുന്നൂറിലേറെ പേരുമായി ഇതിനെ കുറിച്ച് മാത്രം സംസാരിച്ചു. ഒടുക്കം ശ്രീരാഗിനെയും അബ്ദുല്ല കുഞ്ഞിയെയും കൂട്ടായി കിട്ടി. ശ്രീരാഗാണ് ഞാൻ പറഞ്ഞു കൊടുത്ത വിവരങ്ങളെല്ലാം മലയാളത്തിലാക്കി ലഘുലേഖകളും മറ്റുമായി നാട്ടുകാർക്ക് വിതരണം ചെയ്തത്. അങ്ങനെ കേട്ടവർ കേട്ടവർ മറ്റുള്ളവരോട് പറഞ്ഞു. ‘പാലപ്പൂവന്റെ മുട്ട ഞാൻ കണ്ടിട്ടുണ്ട്.. ഒരു പെൺകുട്ടി അത് അന്വേഷിച്ച് നടന്നിരുന്നില്ലേ എന്ന് അബ്ദുള്ളക്കുഞ്ഞി അങ്കിള്‍ ഒരാളോട് പറഞ്ഞു. ഈ കണ്ടുമുട്ടൽ പഠനത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.

പാലപ്പൂവനെ ആദ്യമായി തൊട്ട നിമിഷം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. കേരളത്തിലെത്തി ഏഴാം മാസമായിരുന്നു അത്. മീൻ പിടിക്കുന്നവർക്ക് പാലപ്പൂവനെ കിട്ടിയപ്പോഴായിരുന്നു അത്. വലയിൽ കുടുങ്ങിയ ആമയെ ഇപ്പോൾ തന്നെ വിട്ടയയ്ക്കും  ഓടി വന്നാൽ കാണാമെന്ന് പറഞ്ഞായിരുന്നു ആ വിളി.  താമസിക്കുന്ന സ്ഥലത്ത് നിന്ന് 14 കിലോമീറ്റര്‍ ദൂരെ ആയിരുന്നു നാട്ടുകാര്‍ പറഞ്ഞ സ്ഥലം. തിരഞ്ഞ് പിടിച്ച് അവിടെ എത്തി  പാലപ്പൂവനെ കണ്ട നിമിഷം സന്തോഷം കൊണ്ട് ശ്വാസം നിലച്ച് പോയി. 

ലോകം കാത്തിരുന്ന ‘മുട്ട വിരിയല്‍’

പാലപ്പൂവന്റെ മുട്ട കാസർകോട്ട് കണ്ടെത്തിയപ്പോഴേക്ക് രണ്ടെണ്ണം വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇതിനെ കൃത്രിമമായി വിരിയിച്ചെടുക്കൽ എത്രമാത്രം വിജയിക്കുമെന്ന് ശരിക്കും സംശയം തോന്നി. വനം വകുപ്പും ഇന്ത്യയ്ക്ക് പുറത്ത് നിന്ന് സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനും പിന്നെ ഡോക്ടർ ബെഞ്ചമിൻ താപ്ലെയും മുട്ട വിരിയിച്ചെടുക്കുന്നതിന് വളരെയേറെ സഹായിച്ചു. കംബോഡിയയിലെ ആളുകൾ മുമ്പ് കൃത്രിമമായി പാലപ്പൂവന്റെ മുട്ടകൾ വിരിയിച്ചെടുത്തിട്ടുണ്ടെന്ന് വായിച്ചറിഞ്ഞതോടെ അവരുടെയും സഹായം തേടി. ജനുവരി അവസാനം മുതൽ മേയ് വരെ സ്ഥിരമായി ഇത് നിരീക്ഷിച്ചിരുന്നു കൊണ്ടിരുന്നു. ഇന്ത്യയിൽ ഇങ്ങനെ ആരും മുൻപ് ചെയ്തിട്ടില്ലാത്തത് കൊണ്ട് ആമമുട്ടകൾ വിരിയുന്നതിന് എത്ര ദിവസം വേണമെന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. ഇതിൽ പരാജയപ്പെട്ടാലും സങ്കടപ്പെടില്ലെന്ന് ഉറപ്പിച്ചു. ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ഭാഗ്യം കൊണ്ട് ആറ് മുട്ടകൾ വിരിഞ്ഞു. ആമക്കുഞ്ഞുങ്ങള്‍ വളർന്ന് വലുതാകുമ്പോൾ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയോളം ഭാരവുമുണ്ടാകും.

പഠിക്കാനും പോകാനുമുണ്ട് ഇനിയുമേറെ..

പാലപ്പൂവനെ കുറിച്ചുള്ള നിലവിലെ ആയുഷിയുടെ പഠനം പൂർത്തിയായി. പക്ഷേ ജീവജാല വൈവിധ്യങ്ങളെ കുറിച്ച് പഠനം തുടരാനാണ് തീരുമാനം. അന്യം നിന്ന് പോകുന്ന ജീവജാലങ്ങളെ സംരക്ഷിക്കാനുള്ള പ്രയ്തനങ്ങളിൽ പങ്കുചേരുമെന്ന് ആയുഷി പറയുന്നു. ഗവേഷണങ്ങൾക്കായി പ്രകൃതിയിലേക്ക് ഇറങ്ങിത്തിരിക്കുന്നവരോട് ആയുഷിക്ക് ഒന്നേ പറയാനുള്ളൂ, ‘പഠനത്തിനും നിരീക്ഷണത്തിനും കാത്തിരിപ്പിനുമൊടുവിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും നിരാശരാവരുത്. ഒന്നും കണ്ടെത്താനായില്ല എന്നതും ഒരു കണ്ടെത്തലാണ്’. 

Source: Manoramaonline

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

More To Explore

Fishing Freaks - News
News

ശരീരമാകെ പൊള്ളിയടർന്നു; മരണം കാത്ത് ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങൾ, കാരണം?

വടക്കുപടിഞ്ഞാറൻ പസിഫിക് മേഖലയിൽ താപതരംഗത്തെ തുടർന്ന് കൊളംബിയ നദിയിലെ ജലത്തിന്റെ ചൂട് വർധിച്ചതോടെ ജീവനോടെ വെന്ത നിലയിൽ കഴിയുകയാണ് നദിയിലെ

mango meadows - fishing freaks
News

ജപ്തി ഭീഷണിയിൽ മാംഗോ മെഡോസ്; നഷ്ടം 20 കോടി

‘കേരളത്തില്‍ കാണപ്പെടുന്ന മുഴുവന്‍ ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്’ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുള്ള മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് ഉടമ

Notify me We will inform you when the product arrives in stock. Please leave your valid email address below.