പുസ്തകപ്പുഴുവിനെന്താ മീൻകാരനായാൽ

പുസ്തകപ്പുഴുവിനെന്താ മീൻകാരനായാൽ

ഗുരുവായൂർ: മീൻകച്ചവടത്തിനിറങ്ങിയ ഹൃത്വിക്കിനെ കണ്ട് കൂട്ടുകാർ അമ്പരന്നു. പഠിപ്പിസ്റ്റ് മീൻ വിൽക്കുന്നോ? അതിശയത്തോടെയുള്ള അവരുടെ ചോദ്യത്തിന് ഹൃത്വിക്കിന്റെ മറുപടി നിറഞ്ഞ ചിരിയായിരുന്നു.

എസ്.എസ്.എൽ.സി.ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസും പ്ലസ് വണ്ണിന് 96 ശതമാനം മാർക്കും നേടിയ ഹൃതിക് യു. ഹരി സ്കൂളിലെ താരമാണ്. മീൻ കച്ചവടത്തിനിടയിലും ഇവന്റെയുള്ളിൽ ‘പെടയ്ക്കണ’ ഒരു മോഹമുണ്ട്. അത് സിവിൽ സർവീസാണ്. അതിലേക്കുള്ള കഠിനപ്രയത്നം ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു.

ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരി ഊട്ടുമഠത്തിൽ ഹരീഷിന്റെയും ഷൈജയുടെയും മകനാണ് ഈ 17-കാരൻ. പാവറട്ടി സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി. പ്ലസ്ടുവിന് ഫുൾ എ പ്ലസ് പ്രതീക്ഷയുള്ള കുട്ടിയാണ് ഹൃതിക്കെന്ന് അധ്യാപിക ഡോ. എസ്. സിന്ധു.

അച്ഛന് കൂലിപ്പണിയാണ്. അമ്മ കടയിൽ ജോലിക്കുപോകുന്നു. ലോക്ഡൗൺ ആയപ്പോൾ രണ്ടുപേർക്കും പണിയില്ലാതായി. ആ സമയത്താണ് വെറുതെയിരിക്കേണ്ട എന്നുകരുതി മീൻവിൽപ്പനയ്ക്കിറങ്ങാൻ തീരുമാനിച്ചത്. അച്ഛനും അമ്മയ്ക്കും അതൊരു സഹായവുമാകും. അറിയാത്ത പണിയാണെങ്കിലും ഒട്ടും വൈകിയില്ല. മീൻ തൂക്കാനുള്ള ത്രാസും മീൻപെട്ടിയും സംഘടിപ്പിച്ചു. സ്കൂളിൽ പോകാൻ ഉപയോഗിച്ചിരുന്ന സൈക്കിൾ ‘മീൻവണ്ടി’യാക്കി. കേട്ടുപരിചയിച്ച നാടൻ മീൻകാരന്റെ ‘പൂവൈയ്..’ എന്ന നീട്ടിയുള്ള വിളിയുമായി ഹൃത്വിക് ഇറങ്ങുകയായിരുന്നു.

‘‘മീനുമായി പോകുന്നതു കാണുമ്പോൾ വിഷമം തോന്നി. പോകണ്ടാന്നു പറഞ്ഞു. ഇതിലൊരു മോശവുമില്ലെന്നു പറഞ്ഞ് അവൻ ഞങ്ങളെ സമാധാനിപ്പിക്കുകയായിരുന്നു’’ -ഹരീഷും ഷൈജയും പറയുന്നു. എന്നാൽ, ഡിഗ്രി വിദ്യാർഥിനിയായ ചേച്ചി ഹാര്യ അനിയനെ പ്രോത്സാഹിച്ചു. അതിരാവിലെ കേച്ചേരി മാർക്കറ്റിൽ പോയി മീനെടുക്കും. ലോക്ഡൗണിൽ പച്ചമീൻ കിട്ടാതായപ്പോൾ ഉണക്കമീനിലേക്കു തിരിഞ്ഞു.

കൂട്ടുകാർക്ക് ഹൃത്വിക്‌ അല്പം ഡിസ്‌ക്കൗണ്ടും നൽകും. സ്കൂളിൽ എൻ.എസ്.എസ്. ലീഡർ കൂടിയായിരുന്നു ഹൃതിക്. മികച്ച വൊളന്റിയർക്കുള്ള എൻ.എസ്.എസിന്റെ ബഹുമതിപത്രം ലഭിച്ചിരുന്നു. ‘‘ഇനി ഡിഗ്രിയെടുക്കണം. അതുകഴിഞ്ഞ് എൽഎൽ.ബി.യും. വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടെ സിവിൽ സർവീസിനു ചേരാനാണു തീരുമാനം’’ -പറയുമ്പോൾ ഹൃത്വിക്കിന്റെ കണ്ണുകളിൽ വിശ്വാസത്തിളക്കം.

Source: mathrubhumi.com

Leave a Comment

Your email address will not be published. Required fields are marked *