പ്രളയപാഠം മറന്നില്ല; വാട്ടർ ആംബുലൻസുമായി അമീർ

പ്രളയപാഠം മറന്നില്ല; വാട്ടർ ആംബുലൻസുമായി അമീർ

ചാവക്കാട്∙ കായലും കനോലി കനാലും പുഴയും താണ്ടി രോഗികളുമായി ആശുപത്രിയിലെത്താൻ സൗജന്യ സേവനവുമായി  ‘വാട്ടർ ആംബുലൻസ്’ റെഡി. മുല്ലപ്പുഴ നാലുമണിക്കാറ്റ് കയാക്കിങ് വാട്ടർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡയറക്ടർ അമീർ മാട്ടുമ്മലാണ് വെള്ളത്തിലൂടെയുള്ള ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയത്.  

മാട്ടുമ്മൽ, കറുകമാട് പ്രദേശത്തുള്ള നൂറുകണക്കിന് കുടുംബങ്ങൾ കഴിഞ്ഞ പ്രളയകാലത്ത്  അനുഭവിച്ച ദുരിതമാണ്   പ്രേരണയായത്. അമീർ രൂപകൽപന ചെയ്ത വാട്ടർ ആംബുലൻസ് രോഗികളെ കൊണ്ടുപോകുന്നതിനായി അവരുടെ വീട്ടുമുറ്റത്തേക്ക് എത്തും. അവിടെ നിന്നു മുല്ലപ്പുഴയിലൂടെ കനോലി കനാൽ വഴി ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിക്കാനാകും. 

ലക്ഷംരൂപയോളമാണ് നിർമാണ ചെലവായി വന്നത്. പ്രദേശത്ത് കഴിഞ്ഞ  പ്രളയത്തിൽ  അകപ്പെട്ട ഗർഭിണികളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവരെ അമീറിന്റെ ചെറിയ ബോട്ടുകളിലും വഞ്ചികളിലും സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചിരുന്നു. ചാവക്കാട് പൊലീസിനും തൃശൂരിലെ പ്രളയബാധിത പ്രദേശങ്ങളിലും രക്ഷാപ്രവർത്തനത്തിന് പെഡൽ ബോട്ട്, കൊട്ട വഞ്ചി, ചെറുതോണികൾ എന്നിവ വിട്ടുനൽകിയിരുന്നു.

വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുകയും ആശുപത്രിയിലും മറ്റും പോകാൻ കഴിയാതിരിക്കുകയും ചെയ്യുന്നവരുടെ സഹായത്തിനായി ആംബുലൻസ് വിട്ടുനൽകുമെന്ന് അമീർ പറഞ്ഞു.  വാട്ടർ ആംബുലൻസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഉമ്മർകുഞ്ഞി നിർവഹിക്കും.

Source: manoramaonline.com

Leave a Comment

Your email address will not be published. Required fields are marked *