മാസ്ക് എന്ന് കേൾക്കുപ്പോൾ ചിലർക്കെങ്കിലും ഓർമ്മവരുന്നത് ആശുപത്രി വരാന്തയും,ഓപ്പറേഷൻ തീയേറ്ററുകളും ഒക്കെ ആയിരിക്കും. പക്ഷേ മഹാമാരിയായ കൊറോണാ വൈറസിന്റെ വരവോടുകൂടി തൊണ്ണൂറുകൾ അടുത്ത വൃദ്ധർ മുതൽ ജനിച്ചുവീഴുന്ന കൈ കുഞ്ഞു വരെ മാസ്കിലാണ് ജീവിതം തള്ളിനീക്കുന്നത്.
മറ്റുള്ള രാജ്യങ്ങൾ ഇതിനെ ഉള്ളറിഞ്ഞ് സ്വീകരിച്ചപ്പോൾ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നോക്കം നിൽക്കുന്ന നമ്മുടെ കേരളം മാസ്ക് എന്ന വസ്തുവിനെ കേവലം ഒരു അലങ്കാര വസ്തുവായി മാത്രമായാണ് ഇന്ന് കണ്ടുവരുന്നത്.
അഹങ്കാരം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഇങ്ങനെ ചെയ്യുമ്പോൾ നാം ഓർക്കേണ്ട ഒന്നുണ്ട്..രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഊണും ഉറക്കവും കളഞ്ഞു സ്വന്തം ആരോഗ്യത്തെ പോലും മറ്റുള്ളവർക്കായി സമർപ്പിച്ച് ആരോഗ്യരംഗത്ത് പോരാടുന്ന കുറച്ച് ജീവനുകളെ കുറിച്ച്.അവരൊന്നും ആഗ്രഹിക്കുന്നില്ല നിങ്ങളുടെ ആരോഗ്യമല്ലാതെ.
ചുണ്ടിൽ വരച്ച ലിപ്സ്റ്റിക്കും, മുഖത്തടിച്ച ചായവും ഒന്നിനു മുകളിൽ ഒന്നായി പടരാതെ നാം ആ മാസ്കുകൾ വലിച്ചുകെട്ടുമ്പോൾ മനസ്സിൽ കാണേണ്ട ഒരു ചിത്രമുണ്ട്..ഓരോ നീണ്ട ഷിഫ്റ്റുകൾ കഴിഞ്ഞിറങ്ങുമ്പോഴും മുഖത്ത് വലിച്ചുകെട്ടിയ മാസ്കുകൾ സമ്മാനിക്കുന്ന കട്ടപിടിച്ച ചോരപ്പാടുകൾ!!
സുഹൃത്തുക്കളെ നിങ്ങൾ ഒന്നോർക്കുക!! മാസ്ക്കുകൾ ഫാഷൻ ആയി കെട്ടിയാടാൻ ഇനിയും അവസരങ്ങൾ വരും.പക്ഷേ,ആ അവസരങ്ങൾക്ക് ജീവനേകാൻ ഇന്ന് നാം നമ്മുടെ സൗന്ദര്യത്തെ മറച്ചുവെച്ച് മാസ്കുകൾ ശരിയായി ധരിക്കുക…

Hrishikesh Ramachandran