ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർക്ക്​ ഭരണഘടനയെ കാറ്റിൽ പറത്തി​ എന്തുമാകാം എന്ന ധാർഷ്​ട്യം – പ്രതിപക്ഷ നേതാവ്​

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

തിരുവനന്തപുരം: സംഘ്​പരിവാർ അജണ്ട നടപ്പാക്കാനുള്ള പരീക്ഷണ ശാലയാക്കി ലക്ഷദ്വീപിനെ മാറ്റിയെന്നും ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും കാറ്റിൽ പറത്തി എന്തുമാകാമെന്ന ധാർഷ്​ട്യമാണ്​ അഡ്​മിനിസ്​ട്രേറ്റർക്കെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ലക്ഷദ്വീപ്​ ഐക്യദാർഢ്യ പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു. പ്രസംഗത്തിന്‍റെ പൂർണ രൂപം താഴെ:

”പ്രമേയത്തോട്​ പ്രതിപക്ഷ കക്ഷികൾ പൂർണമായി യോജിക്കുന്നു​. ലക്ഷദ്വീപിൽ മിനിക്കോയ്​ ഒഴികെ ജനവാസമുള്ള എല്ലാ ദ്വീപുകളിലും പലവട്ടം പോയ ആളാണ്​. ഇത്രമാത്രം നിഷ്​കളങ്കർ താമസിക്കുന്ന ഒരു പ്രദേശത്ത്​ രാജ്യത്ത്​ മറ്റൊരിടത്ത്​ കാണാൻ കഴിയില്ല. അവരുടെ ജീവിതത്തിനു മേൽ ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശങ്ങളെ ധ്വംസിക്കുന്നതുമായ സാംസ്​കാരിക അധിനിവേശമാണ്​ കേന്ദ്ര സർക്കാർ ഈ അഡ്​മിനിസ്​ട്രേറ്ററിലൂടെ അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്​. 1956ൽ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചുള്ള ഏഴാം ഭരണഘടന ഭേദഗതിയിലൂടെയാണ്​ ഈ കേന്ദ്രഭരണ പ്രദേശങ്ങളുടെ അവകാശങ്ങൾ വന്നത്​. ആ ഭേദഗതിക്ക്​ ഒരു ലക്ഷ്യമുണ്ടായിരുന്നു. അതിനെ പൂർണമായി പരാജയപ്പെടുത്തുന്ന തരത്തിലാണ്​ പുതുതായി വന്നിരിക്കുന്ന ലക്ഷദ്വീപ്​ ഡിവലപ്​മെന്‍റ്​ അതോറിറ്റി കരട്​ നിയമം.

ദ്വീപിലെ സാധാരണക്കാരായ ജനങ്ങളുടെ സ്വത്തിന്മേലുള്ള അവകാശം ഏതു സമയത്തും ഭരണകൂടത്തിന്​ ഇടപെട്ട്​ ഏറ്റെടുക്കാനും അവരെ ആ ഭൂമിയിൽനിന്ന്​ പുറന്തള്ളാനും അവർ ജീവിക്കുന്ന ജീവിത സാഹചര്യങ്ങളിൽനിന്ന്​ അവരെ ഒഴിവാക്കാനും വേണ്ടിയുള്ള വ്യവസ്​ഥകൾ ഈ കരടിലുണ്ട്​. അവർ നാളികേരം കൊണ്ടും മത്സ്യബന്ധനം കൊണ്ടും ജീവിക്കുന്ന ജനസമൂഹമാണ്​. നാളികേരം സൂക്ഷിച്ചുവെക്കാനും മത്സ്യം സൂക്ഷിച്ചുവെക്കാനും പതിറ്റാണ്ടുകളായി അവരുണ്ടാക്കിയ ഷെഡുകളെല്ലാം പൊളിച്ചുകളഞ്ഞു. അവരുടെ ഉപജീവനം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഭരണഘടനയുടെ 21ാം വകുപ്പ്​ ഉറപ്പുനൽകുന്ന ആത്​മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്​, ഭരണഘടനക്ക്​ കാവലാകേണ്ട ഭരണകൂടം തട്ടിത്തെറിപ്പിക്കുന്നത്​. സോൺ മാറ്റുന്നതിൽ കനത്ത ഫീസ്​, അതുമായി സഹകരിച്ചില്ലെങ്കിൽ ജയിൽ ശിക്ഷ എന്നിവയുമുണ്ട്​. ഏതുസമയത്തും വെള്ളംപൊങ്ങുന്ന ലോല പ്രദേശമായതിനാലാണ്​ അവർ​ ഷെഡുകൾ നിർമിച്ച്​ ഉപജീവന വസ്​തുക്കൾ അവിടെ സൂക്ഷിക്കുന്നത്​. പാവപ്പെട്ട സമ്പദ്​വ്യവസ്​ഥയുമായി കഴിയുന്ന ഈ പ്രദേശത്തെ ജനപദങ്ങളുടെ ജീവിതക്രമത്തെ മാറ്റിമറിക്കാനാണ്​ പുതിയ നിയമങ്ങൾ.

വിചിത്രമായ ഒരു പഞ്ചായത്ത്​ അറിയിപ്പും വന്നിട്ടുണ്ട്​. രണ്ട്​ മക്കളിൽ കൂടുതലുള്ളവർക്ക്​ പഞ്ചായത്തിൽ മത്സരിക്കാൻ കഴിയില്ല. ജനസംഖ്യ നിയന്ത്രണത്തിന്‍റെ പേരിലാണ്​ അഡ്​മിനിസ്​ട്രേറ്റർ പുതിയ വിചിത്ര വ്യവസ്​ഥ കൊണ്ടുവന്നിരിക്കുന്നത്​. എന്നാൽ, 2019ൽ നടന്ന കുടുംബ സർവേ പ്രകാരം രാജ്യത്തെ ഫെർട്ടിലിറ്റി നിരക്ക്​ 2.2ഉം ലക്ഷദ്വീപിലേത്​ 1.4ഉമാണ്​. ശിശുജനന നിരക്ക്​ കുറവുള്ള പ്രദേശമായിട്ടും അവിടെ ജനസംഖ്യ നിയന്ത്രണത്തിന്​ വേണ്ടി കൊണ്ടുവന്ന കാട്ടാള നിയമം അറബിക്കടലിൽ എറിയുന്ന തീരുമാനമാണ്​ ഈ രാജ്യത്തുണ്ടാകേണ്ടത്​.

ജയിലുകളിലും പൊലീസ്​ സ്​റ്റേഷനിലും ഒരു ക്രിമിനൽ പോലുമില്ലാത്ത കേന്ദ്രഭരണ പ്രദേശമാണ്​ ലക്ഷദ്വീപ്​. ഈ രാജ്യത്ത്​ കുറ്റകൃത്യ നിരക്ക്​ ഏറ്റവും കുറവുള്ള പ്രദേശം. സ്​ത്രീകൾക്കെതിരെ ഒരു അതിക്രമം പോലും റിപ്പോർട്ട്​ ചെയ്യാത്ത, കൊലപാതകങ്ങളില്ലാത്ത, കളവില്ലാത്ത, വാതിലുകൾ അടക്കാത്ത, സ്​ഥാപനങ്ങളുടെ വാതിലുകൾ താഴിട്ടുപൂട്ടാത്ത ഇന്ത്യയിലെ ഏക പ്രദേശം. അവിടെ പാവ​ങ്ങളെ പീഡിപ്പിക്കാൻ ഗുണ്ടാ ആക്​റ്റ്​ കൊണ്ടുവന്നിരിക്കുന്നു.

ലക്ഷദ്വീപിൽ ഒരു കോവിഡ്​ രോഗി പോലും ഉണ്ടായിരുന്നില്ല. അവി​ടേക്ക്​ വരുന്നതിനുള്ള സ്​​റ്റാൻഡേഡ്​ ഓപറേറ്റീവ്​ പ്രൊസീജ്യർ അഡ്​മിനിസ്​ട്രേറ്റർ അട്ടിമറിക്കുക വഴി അവിടെ ടെസ്റ്റ്​ പോസിറ്റീവിറ്റി നിരക്ക്​ 68 ശതമാനം വരെ ഉയർന്നു. അവിടെ കോവിഡ്​ വ്യാപനമുണ്ടാക്കി.

നൂറുകണക്കിന്​ താത്​കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു പശുവിനെ പോലും വളർത്താത്ത, കേന്ദ്രത്തിന്‍റെ ഡയറിയിൽ മാത്രം പശുക്കളുള്ള പ്രദേശത്ത്​ ബീഫ്​ നിരോധനം കൊണ്ടുവരികയാണ്​. ഗോവധത്തിന്​ 10 വർഷം മുതൽ ജീവപര്യന്തം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ്​ ശിക്ഷ. സ്​കൂളിലെ നോൺവെജിറ്റേറിയൻ ഭക്ഷണം വിലക്കി. മീനില്ലാതെ ഒരു നേരവും ഭക്ഷണം കഴിക്കാത്ത, മീൻ കൊണ്ട്​ ഉപജീവനം കണ്ടെത്തുന്ന നാട്ടിൽ, നിങ്ങളെന്തു കഴിക്കുമെന്ന്​ ഞങ്ങൾ തീരുമാനിക്കുമെന്ന്​ ധിക്കാരം കാട്ടുന്ന നിലപാടാണ്​ നടപ്പാക്കുന്നത്​.

ചരക്കു നീക്കം നടത്തുന്നത്​ കോഴിക്കോ​ട്ടെ ​േബപ്പൂരിൽനിന്നാണ്​. ​ബേപ്പൂരിൽനിന്ന്​ മംഗലാപുരത്തേക്ക്​ ചരക്കുനീക്കം മാറ്റണമെന്ന ഏകപക്ഷീയ തീരുമാനവും വന്നു. നാട്ടുകാർ മദ്യപിക്കാത്ത, മദ്യനിരോധനം നിലവിലുള്ള നാട്ടിൽ നിരോധനത്തിൽ ഇളവു വരുത്തി മദ്യം വിളമ്പാൻ തീരുമാനമെടുത്തു.

ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും കാറ്റിൽപറത്തി ഒരു ഭരണകൂടത്തിന്​ എന്തുമാകാം എന്ന ധാർഷ്​ട്യവും ധിക്കാരവുമാണ്​ ഈ നടപടി. ഒരു ജനസഞ്ചയത്തിന്‍റെ അവകാശങ്ങളുടെയും സംസ്​കാരത്തിൻെർയും കാവലാകേണ്ട ഭരണകൂടം അടിച്ചമർത്തലിന്‍റെ പ്രതിരൂപമായി മാറുകയാണ്​. ഇത്​ സംഘ്​പരിവാർ അജണ്ടയാണ്​. ഒരു പരീക്ഷണശാലയാക്കി ലക്ഷദ്വീപിനെ മാറ്റി അത്​ വിജയിച്ചാൽ രാജ്യം മുഴുവൻ ഇതുപോലെ കിരാതമായ നിയമങ്ങൾ ജനങ്ങളുടെ ​മീതെ അടിച്ചേൽപിക്കാൻ കഴിയുമോ എന്ന പരീക്ഷണമാണ്​ നടക്കുന്നത്​. കേരളവുമായി ഭാഷാപരമായി, സാംസ്​കാരികമായി, ബന്ധുത്വത്തിന്‍റെ പേരിൽ, ഭൂമിശാസ്​ത്രപരമായി ബന്ധമുള്ള ഒരു പ്രദേശത്തിനും അവിടുത്തെ സഹോദരന്മാർക്കും കേരളം ഒറ്റക്കെട്ടായി ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെടുന്നു.

Source: Madhyamam

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

More To Explore

News

നമ്മളാണീ ക്രൂരത അവയോടു ചെയ്യുന്നത്!

വീടിനു സമീപത്തെ തോട്ടിറമ്പുകളിൽ പോലും പ്ലാസ്റ്റിക് മാലിന്യം അശ്രദ്ധമായി വലിച്ചെറിയുമ്പോൾ ഓർക്കുക, ചെറുമീനുകൾ വരെ അപകടത്തിലാണ്! കായൽ മത്സ്യങ്ങളിൽ പ്ലാസ്റ്റിക്

News

തിമിംഗലത്തിന്റെ ശരീരത്തിൽ കുടുങ്ങി ഷാർക്ക് നെറ്റ്; നീക്കംചെയ്യാനാകാതെ രക്ഷാപ്രവർത്തകർ

കടലിൽ ഇറങ്ങുന്ന മനുഷ്യരെ സ്രാവുകളുടെ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഷാർക്ക് നെറ്റ് ശരീരത്തിൽ കുടുങ്ങിയ നിലയിൽ തിമിംഗലത്തെ കണ്ടെത്തി.

Notify me We will inform you when the product arrives in stock. Please leave your valid email address below.