വിനോദങ്ങള്‍ കുട്ടികളെ ധാര്‍മ്മികമായി വാര്‍ത്തെടുക്കുന്നതെങ്ങനെ?

വിനോദങ്ങള്‍ കുട്ടികളെ ധാര്‍മ്മികമായി വാര്‍ത്തെടുക്കുന്നതെങ്ങനെ?

ലോക പ്രശസ്ത ദാര്‍ശനികനായ ഖലീല്‍ ജിബ്രാന്‍ തന്‍റെ വിഖ്യാത പുസ്തകമായ പ്രവാചകനില്‍ പറയുന്ന ഒരു വാചകമുണ്ട് ‘നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, അവര്‍ നിങ്ങളിലൂടേയാണ് വന്നതെങ്കിലും നിങ്ങളില്‍ നിന്നല്ല വന്നത്, നിങ്ങളോടൊപ്പമാണെങ്കിലും അവര്‍ നിങ്ങളുടേതല്ല, നിങ്ങള്‍ അവര്‍ക്ക് സ്നേഹം നല്‍കിക്കോളൂ ചിന്തകള്‍ നല്‍കരുത് അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട’്. അതെ അവരിങ്ങനെ ഉദ്യാനങ്ങളിലെ ചിത്രശലഭങ്ങളെ പോല്‍ സ്വച്ഛന്ദം പാറികളിക്കട്ടെ. കുട്ടികള്‍ എന്ത് പഠിക്കണമെന്നും എന്ത് കഴിക്കണമെന്നും എന്ത് ചെയ്യണമെന്നൊക്കെ രക്ഷിതാക്കള്‍ ശാഠ്യം പിടിക്കുന്നത് എന്ത് മാത്രം ആപത്കരമാണ്. അവര്‍ക്ക്  നാം തന്നെ ചിട്ടപ്പെടുത്തി തയ്യാറാക്കിയ ജീവിത ശൈലി മാത്രം നിഷ്കര്‍ശിച്ചു കൊടുക്കുമ്പോള്‍ അവര്‍ക്കന്ന്യമാകുന്ന അനേകം പാരമ്പര്യങ്ങളുണ്ട്. അവരുടെ വ്യക്തി ജീവിതങ്ങള്‍ നെയ്തെടുക്കുന്ന കായിക, വിനോദുല്ലാത്സങ്ങള്‍ പോലെ. ബാല്യത്തിലെ കുസൃതികള്‍ക്ക് ഇടമാകേണ്ട പാടവരാന്തകളുമൊക്കെ അന്യം നില്‍ക്കുന്ന കാലത്ത്  ജീവിതത്തില്‍ നൂതനമായ മാറ്റങ്ങള്‍ കൈവരുമ്പോയും അവക്കൊന്നും പണ്ട് നമുക്ക് കിട്ടിയ കാര്യപ്രാപ്തിയോ ധാര്‍മ്മികമായ ഗുണങ്ങളോ നല്‍കാനാവുന്നില്ലെന്നത് അവിതര്‍ക്കമാണ്.

നഷ്ടബാല്യത്തിന്‍റെ വിനോദങ്ങളും ചാപല്യങ്ങളുമൊക്കെ കുട്ടികളെ ധാര്‍മ്മികമായ് വാര്‍ത്തെടുക്കുന്നതില്‍ എത്രമാത്രം പങ്ക് വഹിക്കുന്നുവെന്നത് അനുഭവിച്ചറിയേണ്ടതു തന്നെയാണ്. ശാരീരികവും സാമൂഹികവും, വൈകാരികവുമായ ഉല്ലാസങ്ങള്‍ക്കപ്പുറത്ത്  വിനോദങ്ങള്‍, എന്നതിനേക്കാള്‍ അനുഭവങ്ങള്‍ എന്ന് പറയുന്നതാവും ശരി, അവ ആ കുട്ടിയില്‍ ഉണ്ടാക്കുന്ന മാനസ്സികമായ ഉന്നമനവും പ്രവര്‍ത്തനശേഷിയുമൊക്കെ തന്നെയാണ് വിനോദങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയിലുണ്ടാക്കുന്ന ഉദാത്തമായ കാര്യങ്ങള്‍. ഒരു കുട്ടി അവനിഷ്ട്ടപ്പെടുന്ന കായികഭ്യാസങ്ങള്‍ പതിവാക്കുമ്പോള്‍ അതില്‍ പ്രധാനമായും അവന്‍റെ പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള താത്പര്യവും ഇഷ്ടവും കുടികൊള്ളുന്നുണ്ട്. ശരീരത്തോടൊപ്പം അവന്‍റെ മനസ്സും അതിനായി ഇണങ്ങി ചേര്‍ന്നിട്ടുണ്ടാവണം. നാം കായികയിനങ്ങളില്‍ താത്പര്യമില്ലാത്ത ഒരു കുട്ടിയെ അതിലേക്ക് തള്ളിയിട്ടാല്‍ അതിനേക്കാള്‍ വലിയ മാനസ്സിക സംഘര്‍ശങ്ങള്‍ അവനിതുവരെ നേരിട്ടിട്ടു പോലുമുണ്ടാവില്ല.

സാമാന്യമായ കായികാഭ്യാസങ്ങള്‍ തന്നെ ഒരു കുട്ടിയിലെ പ്രത്യഭിജ്ഞാന നൈപുണ്യങ്ങളെ വളര്‍ത്തികൊണ്ടുവരുന്നുണ്ട്. സാമൂഹികമായ അത്തരം വിനോദങ്ങള്‍ തികച്ചും സാമൂഹിക ജീവിയായ മനുഷ്യനില്‍ പച്ചയായ അനുഭവങ്ങളുടെ അനേകം ഉദാഹരണങ്ങള്‍ കോറിയിടുന്നുണ്ട്. ഒരു കൂട്ടത്തെ അല്ലെങ്കില്‍ സമൂഹത്തെ എങ്ങനെ നയിക്കണമെന്നും നിഷ്പക്ഷവും നീതിയുക്തവുമായ തീരുമാനങ്ങള്‍ എങ്ങനെ എടുക്കണമെന്നുമൊക്കെ ഈ വിനോദങ്ങളിലൂടെ അവരറിയാതെ അവര്‍ക്കു ലഭിക്കുന്ന ഫലപ്രാപ്തികളാണ്. അവ ഭാവി ജീവിതത്തിലെ വെല്ലുവിളികളെ ത്രണവത്ഗണിച്ചു മുന്നേറാനുള്ള കുറുക്കുവഴികളായി മാറുമെന്നുറപ്പാണ്.

*അവ നല്‍കുന്ന സാമൂഹിക ഗുണങ്ങള്‍*

ബൗദ്ധികമായ ചിട്ടകള്‍, സാമൂഹികമായ ഇടപെടലുകള്‍, കായികക്രമങ്ങള്‍ ഇവയൊക്കെ വിനോദങ്ങള്‍ക്കപ്പുറത്തും സാമൂഹികമായ ഭദ്രതങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാക്കും. ഏകാന്തതയുടെ അടച്ചിട്ട മുറികളില്‍ നിന്നും വെളിച്ചത്തിലേക്ക് അവരെ ഈ കാര്യപ്രാപ്തി കൈപിടിച്ചു കൊണ്ടുവരും അതിന് വിഘാതമാകുന്ന വാശികള്‍ മാതാപിതാക്കള്‍ എടുക്കുമ്പോള്‍ അത്തരം നൂതനമായ വിനോദങ്ങള്‍ കുട്ടികള്‍ക്ക് പ്രഹസനമായി മാറുകയും തീരും.

എങ്ങനെ ഒരാള്‍ സമൂഹത്തില്‍ പെരുമാറമണമെന്ന കൃത്യമായ രൂപരേഖയും ചിത്രവുമൊക്കെ അവനറിയാതെ ആ വിനോദങ്ങള്‍ അവന് നല്‍കി തുടങ്ങും. വിട്ടിലെ നാല്‍ചുവരുകളില്‍ ബന്ധിച്ച് വെര്‍ച്യല്‍ വിനോദങ്ങള്‍ മാത്രം നല്‍കി അതിന്‍റെ അടിമകളാക്കിയാല്‍ നമുക്ക് നമ്മുടെ മക്കളെ പിന്നീടൊരിക്കലും തിരിച്ചു കിട്ടണമെന്നില്ല. വീട്ടില്‍ കിട്ടിയിരുന്ന കരുതലും പരിഗണനയും പുറം ലോകത്ത് കിട്ടില്ലെന്നുറപ്പാണ് അത്തരം സന്ദര്‍ഭങ്ങളെ ഇത്തരം കുട്ടികള്‍ക്ക് പൊരുത്തപ്പെടാന്‍ പറ്റാതെ വരുകയും ജീവിതത്തിലെ നിസ്സാര വെല്ലുവിളികളെ അവര്‍ ഭീതിയോടെ നോക്കി കാണാനും ഇത് കാരണമാകും. വിനോദങ്ങളിലോ സൗഹൃദങ്ങളിലോ ചേര്‍ന്നു നില്‍ക്കാതെ അന്തര്‍മൂഖരായി നില്‍ക്കുന്നവരാണ് ജീവിതത്തില്‍ പലുപ്പോയും തോറ്റു പോയിട്ടുള്ളത്. അതേ സമയം സമൂഹത്തില്‍ ഇടപ്പെട്ട് വിനോദങ്ങളെ ധാര്‍മ്മികമായ മാധ്യമങ്ങളായി കാണുന്നവരുടെ ജീവിതത്തില്‍ അവ വിജയങ്ങള്‍ തീര്‍ക്കുകയും ചെയ്യും.

പഠനങ്ങള്‍ക്കുമപ്പുറം പാഠ്യേതരമായ കാര്യങ്ങളേയും ജീവിതാനുഭവങ്ങള്‍ കൊണ്ട് നേരിടുമ്പോള്‍ ജീവിതാഖ്യാനങ്ങളില്‍ കായബലവും ആത്മധൈര്യവുമൊക്കെ പ്രധാനം ചെയ്യുന്നു. പഠനങ്ങള്‍ക്കപ്പുറത്ത് നിന്നും കിട്ടുന്ന ജീവിതങ്ങള്‍ ഇവയൊക്കെ തന്നെയാണ്. സാമൂഹികമാധ്യമങ്ങളും മറ്റും വിനോദങ്ങളായി കാണുന്നവര്‍ക്ക്  അവ നല്‍കുന്ന കാര്യങ്ങള്‍ പ്രധാമാണ്. അതിന്‍റെ ഉപഭോക്താവിനെ അനുസരിച്ചായിരിക്കും അതിന്‍റെ ഇരുവശങ്ങളുമിരിക്കുന്നത്.

നമ്മുടെ കുട്ടികള്‍ മണ്ണിനേയും ഭൂമിയേയും തൊട്ടറിഞ്ഞ് ജീവിക്കുമ്പോള്‍ അവ അവരുടെ ജീവിതത്തിന്‍റെ അനിവാര്യഘടകങ്ങളായി അവര്‍ കാണും പിന്നെയത് തങ്ങളുടെ മക്കള്‍ക്കും  കാണിച്ചു കൊടുക്കും പതിയെ അവ ഭൂമിയുടെ ജീവിതവ്യവസ്ഥകളായി പരിണമിക്കും. കായികക്ഷമതയും ആരോഗ്യവുമൊക്കെ രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ വലിയ പങ്കാളിത്തമുണ്ടാക്കുന്നുണ്ട്. രക്ഷിതാക്കളും കുട്ടികളുടെ  കൂടെ ചേര്‍ന്ന് ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവരുടെ മനസ്സ് മനസ്സിലാക്കാന്‍ നമുക്കാവും എന്തും ചോദിച്ചറിഞ്ഞ് അരുതായ്മകളില്‍ നിന്നുമൊക്കെ അവരെ തടയാനും പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള കുടൂംബാസത്രുണവും നടത്താനുമൊക്കെ വരും തലമുറകള്‍ക്കാവുമെന്നുറപ്പാണ്.

വിനോദങ്ങള്‍ കുട്ടികളെ ധാര്‍മ്മികമായി വാര്‍ത്തെടുക്കുന്നതെങ്ങനെ?

U K Ajmal

Leave a Comment

Your email address will not be published. Required fields are marked *