സദാനന്ദൻ കാണുന്നു, പുഴപോലെ കുളിരുള്ള സ്വപ്‌നം

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

കൊച്ചി
കൊച്ചി ന​ഗരത്തിൽനിന്ന് എട്ട് കിലോമീറ്റർ അകലെ കണ്ടൽക്കാടിനാൽ ചുറ്റപ്പെട്ട വളന്തകാട് ദ്വീപിലെ സദാനന്ദനെ അറിയാമോ…? മീൻപിടിത്തക്കാരനാണ്. പരിസ്ഥിതി സ്നേഹിയായ മീൻപിടിത്തക്കാരൻ. വലയിൽ ചെറുമീനുകൾ കുടുങ്ങിയാൽ അവയെ തിരികെ പുഴയിലേക്ക് വിടും. കൊക്കിനും നീർകാക്കയ്ക്കും മീനുകൾ ഭക്ഷണമായി നൽകും. മരട് ഭാ​ഗത്ത് കാത്തുനിൽക്കുന്ന പട്ടിക്കും പൂച്ചയ്ക്കും സദാനന്ദന്റെ സമ്മാനം ബിസ്കറ്റാണ്.

15––ാം വയസ്സുമുതൽ മീൻപിടിത്തക്കാരനായി സദാനന്ദൻ വളന്തകാട് ദ്വീപിലുണ്ട്. അന്നുമുതൽ വലയിൽ കുടുങ്ങുന്ന ചെറുമീനുകളെ പുഴയിലേക്കുതന്നെ വിടുകയാണ് പതിവ്. സദാനന്ദന്റെ  ഇളയമകൻ മിഥുൻ ഞാറിനെ (കൊക്കിന്റെ വലുത്) വളർത്താൻ തുടങ്ങിയതോടെയാണ് കൊക്കുകളെയും നീർകാക്കകളെയും സദാനന്ദൻ പരിഗണിച്ചുതുടങ്ങിയത്. മകന്റെ ഞാറ് വീട്ടിലെ കുടുംബാംഗത്തെപോലെയായപ്പോൾ വളന്തകാടിലെ  കൊക്കുകളും നീർകാക്കയുമെല്ലാം സദാനന്ദന്റെ  ഇഷ്ടക്കാരായി. അതോടെ ചമ്പക്കര മാർക്കറ്റിൽ അവയ്ക്കായി മീനുകൾ വാങ്ങി നൽകുന്നത് സദാനന്ദൻ പതിവാക്കി.  മീൻപിടിത്തത്തിനും മീൻവിൽപ്പനയ്ക്കുമിടയിൽ  പുറകെ കൂടിയവരാണ് മരടിലെ വഴിയരികിൽ സദാനന്ദനെ കാത്തുനിൽക്കുന്ന പട്ടികളും പൂച്ചകളും. സദാനന്ദന്റെ  വണ്ടിയുടെ ശബ്ദം കേട്ടാലുടൻ അവ ഓടിയെത്തും.

2000 മുതൽ 2013 വരെ കുണ്ടന്നൂരിൽ ചുമട്ടുതൊഴിലാളിയായിരുന്നു സദാനന്ദൻ. അതിനിടയിലും മീൻപിടിക്കാനും വളന്തകാട് ദ്വീപിലെ ജീവജാലങ്ങൾക്ക് ഭക്ഷണം നൽകാനും സമയം കണ്ടെത്തി. വളന്തകാട് ദ്വീപിന്റെയും പുഴയുടെയും ഓരോ മാറ്റവും അമ്പത്തഞ്ചുകാരനായ സദാനന്ദനറിയാം. പുഴയിൽ  പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞതോടെ വളന്തകാട് ദ്വീപിലെ മത്സ്യസമ്പത്ത് കുറഞ്ഞെന്നും അതോടെ മീൻപിടിത്തം മാത്രം ഉപജീവനമാക്കിയ വളന്തകാട് നിവാസികൾ കൂലിപ്പണിയെടുക്കാൻ നിർബന്ധിതരായെന്നും സദാനന്ദൻ പറയുന്നു. മീൻസമ്പത്ത് കുറഞ്ഞതോടെ ഒരുമണിക്കൂർ നീണ്ട മീൻപിടിത്തം പത്തും പന്ത്രണ്ടും മണിക്കൂറായി. പുഴ മലിനമായതോടെ പുഴയിലിറങ്ങി മീൻപിടിച്ചവർ അസുഖബാധിതരായി. അതോടെ വളന്തകാടിലെ മീൻപിടിത്തക്കാർ പുഴയിലിറങ്ങുന്നതും കഴിവതും ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

45 കുടുംബങ്ങളാണ് വളന്തകാട് ദ്വീപിൽ താമസിക്കുന്നത്. ചെമ്മീൻകെട്ടും കക്കവാരലും കരിമീൻപിടിത്തവുമാണ് ഇവിടത്തുകാരുടെ പ്രധാന തൊഴിൽ. എം സ്വരാജ് എംഎൽഎയായിരുന്നപ്പോൾ നിർമാണം ആരംഭിച്ച്, പൂർത്തിയാകാനൊരുങ്ങുന്ന വളന്തകാട് പാലവും ഒരുകോടി രൂപയുടെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയും യാഥാർഥ്യമാകുന്നതോടെ വളന്തകാടിന്റെ  മുഖച്ഛായ മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. മാലിന്യങ്ങളിൽനിന്ന് മോചനം നേടുന്ന പുഴയാണ് സദാനന്ദനടക്കമുള്ള വളന്തകാടുകാരുടെ സ്വപ്നം. മോളിയാണ് സദാനന്ദന്റെ ഭാര്യ.  മൂത്തമകൻ: ലെനിൻ.

Source: Deshabhimani

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

More To Explore

News

നമ്മളാണീ ക്രൂരത അവയോടു ചെയ്യുന്നത്!

വീടിനു സമീപത്തെ തോട്ടിറമ്പുകളിൽ പോലും പ്ലാസ്റ്റിക് മാലിന്യം അശ്രദ്ധമായി വലിച്ചെറിയുമ്പോൾ ഓർക്കുക, ചെറുമീനുകൾ വരെ അപകടത്തിലാണ്! കായൽ മത്സ്യങ്ങളിൽ പ്ലാസ്റ്റിക്

News

തിമിംഗലത്തിന്റെ ശരീരത്തിൽ കുടുങ്ങി ഷാർക്ക് നെറ്റ്; നീക്കംചെയ്യാനാകാതെ രക്ഷാപ്രവർത്തകർ

കടലിൽ ഇറങ്ങുന്ന മനുഷ്യരെ സ്രാവുകളുടെ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഷാർക്ക് നെറ്റ് ശരീരത്തിൽ കുടുങ്ങിയ നിലയിൽ തിമിംഗലത്തെ കണ്ടെത്തി.

Notify me We will inform you when the product arrives in stock. Please leave your valid email address below.