എന്റെ ഓർമ്മകൾ

ഓർക്കുവാൻ ഇഷ്ടപ്പെടുന്ന ചില സമയങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടാകും. അത്തരത്തിൽ ഒരു ചെറിയ ഓര്മയാണിത്.
കുട്ടിക്കാലം മുതൽ അവധി ദിവസങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നത് ആ ദിവസങ്ങളിൽ അമ്മ വീട്ടിലേക്ക് പോകാം എന്നള്ളുതുകൊണ്ടാണ്. കൊട്ടാരക്കരയിൽ നിന്നും ശനിയാഴ്ച രാവിന്റെ 8 മണിയുടെ ട്രെയിനിൽ ആവണീശ്വരത്തിലേക്ക് പോയാൽ പിന്നെ ഞായറാഴ്ച വൈകിട്ട് മണിയുടെ ട്രെയിനിലാണ് മടക്കം. കുന്നിക്കോട് നമ്മളെ കാത്തിരിക്കുന്നത് അമ്മ വീട്ടിന്റെ പരിസരത്തുള്ള തോടും വയലുകളും കളിസ്ഥലങ്ങളും ആണ്. എത്തിയാൽ ഉടൻ എന്തെങ്കിലും കഴിച്ചെന്നു വരുത്തി ഒരു തോർത്തും സംഘടിപ്പിച്ചു സ്വാമിക്കുഴി എന്ന ഞങ്ങളുടെ സ്ഥിരം കുളിക്കടവിലേക്ക് ഒരോട്ടമാണ്.
പിന്നെ വൈകിട്ട് ഇളയ മാമൻ മുളങ്കമ്പുമായി വരണം വീട്ടിൽ പോകണമെങ്കിൽ. വൈകിട്ട് ആയാൽ തൊടികളിലെ പുൽച്ചാടി, ചാണകക്കുഴിയിൽ നിന്നും കുണ്ടളപ്പുഴു, മണ്ണിര എന്നിവ സംഭരിച്ചു വെയ്ക്കും മാമൻ വന്നാൽ എന്നെയും കൊണ്ട് വലിയ തോട്ടിലും കട്ടകളങ്ങളിലും ചുണ്ടയിടാൻ പോകും. മരുമക്കൾ നാലഞ്ച് പേരുണ്ട് എങ്കിലും ചുണ്ടയിടുവാൻ ഞാനാണ് കയ്യാൾ. മാമന് ചില സ്ഥിരം സ്പോട്ടുകൾ ഉണ്ട് ഒരു സഞ്ചിയും മൂന്നാലു മുളങ്കമ്പുമായിട്ടാണ് പോക്ക് കയ്യിൽ മുന്ന് ബാറ്ററിയുടെ ടോർച് ഉണ്ടാകും ഒന്ന് രണ്ട് കിലോമീറ്റർ നടക്കാനുണ്ട് സ്ഥലമെത്തിയാൽ സന്ധ്യയുടെ അരണ്ട വെളിച്ചത്തിൽ ഇരിപ്പിടം റെഡി ആക്കും പിന്നെ പെട്ടന്ന് ചുണ്ട കെട്ടും കുട്ടത്തിൽ ഒരെണ്ണം ഇരകോർത്തു എനിക്കും തരും.
അങ്ങനെ ഒരു ഒൻപത് ഒമ്പതര വരെ ഞങ്ങൾ അവിടെ ഇരിക്കും 25 വര്ഷം മുൻപുള്ള കഥയാണ് നിശബ്ദമായി തോട്ടിന്റെ അരികിൽ അങ്ങനെ ഒരുഇരുത്തയാണ്. ആരകൻ, ഏരൾ, ആറ്റുവാള, നെടുമീൻ, കുരി,കാരി മണപത്തൽ തുടങ്ങി ഒരുവിധം എല്ലാമീനുകളെയും കിട്ടിയിട്ടുണ്ട്. ഏതു മീനെ പിടിച്ചാലും വീട്ടിലെത്തി മണ്ണണ്ണ വിളക്കിന്റെ വെളിച്ചത്തിൽ അതിനെ ശരിയാക്കി പൊരിച്ചു കഴിച്ചിട്ടേ ഞങ്ങൾ ഉറങ്ങു.
കുറച്ചു കൂടെ വലുതായപ്പോൾ പുനലൂർ ആറ്റിൽ ചുണ്ടയിടുവാൻ ഞങ്ങൾ പോകുമായിരുന്നു. ഒരിക്കൽ മാമന്റെ ഏറുചുണ്ടയിൽ 4 കിലോ തൂക്കം വരുന്ന നെടുമീൻ പിടിച്ചു അതിനെ കരയ്ക്കെടുത്ത് അടുത്ത എറിനു ചുണ്ട ആറ്റിൽ ഉടക്കി തിരിച്ചു വലിച്ചപ്പോൾ പെട്ടന്ന് ഉടക്ക് വിട്ടു ചുണ്ട തെറ്റി വന്നു പതിച്ചത് മാമന്റെ ഇടത്തെ കണ്ണിലാണ് പിന്നെ ഒറ്റക്കണ്ണുമായി ആയിരുന്നു മരണം വരെ മാമൻ ജീവിച്ചത്. ഇപ്പോഴും ഓർക്കുമ്പോൾ മനസ്സിൽ സന്തോഷം നിറയ്ക്കുന്നു ആ ദിനങ്ങൾ.....
-- By S Muhammed Thahir