ഒരു ഓർമ്മകൾ അയവിറക്കൽ

2007 മാർച്ച് 28 അന്ന് 

ഏഴാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് നല്ല ഉറക്കത്തിലാണ്... സമയം എട്ടര കഴിഞ്ഞിരിക്കുന്നു പതിവുപോലെ അമ്മയുടെ ചീത്ത കേട്ട് തന്നെയാണ് എഴുന്നേറ്റത്....

" എടാ നന്ദു മതിയെടാ എണീക്ക് സമയം എട്ടര കഴിഞ്ഞു പോത്തു പോലെ കുറെ നേരമായല്ലോ കിടന്നുറങ്ങുന്നത്... " ഇന്നലെ രാത്രി cid മൂസ  സിനിമ ഉണ്ടായിരുന്നു ടിവിയിൽ അത് കണ്ടു കഴിഞ്ഞു കിടന്നപ്പോ വൈകി  സമയം 9.30 കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ന് രാവിലെ പുഞ്ചപ്പാടത്ത് ക്രിക്കറ്റ് കളിക്കാൻ പോകാൻ പറ്റിയില്ല.

അല്ലെങ്കിൽ എല്ലാ ദിവസവും രാവിലെ ഒരു ക്രിക്കറ്റ് കളി പതിവാണ്. കുഴപ്പമില്ല ഇപ്പോൾ തന്നെ അവന്മാർ കടവിൽ കുളിക്കാൻ വരും ക്രിക്കറ്റ് കളിക്കാൻ പറ്റാത്തതിന്റെ ക്ഷീണം കടവിൽ കുളിച്ചു തീർക്കാം എന്ന് മനസ്സിൽ ആലോചിച്ചു കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത് ഇന്നും പുട്ടും കടലാക്രമണവും ആണ്.😑

പുട്ട് എങ്കിൽ പുട്ട് എന്ന് മനസ്സിൽ വിചാരിചു  കഴിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അമ്മ വീണ്ടും വിളിക്കുന്നത് " എടാ നന്ദു നിന്റെ കൂട്ടുകാർ വന്ന രണ്ട് കുടം കൊണ്ടുപോയിട്ടുണ്ട് അതെന്തിനാ"   കേട്ടപാതി കേൾക്കാത്ത പാതി തിന്നു കൊണ്ടിരിക്കുന്ന പൂട്ടും കുറച്ചെടുത്ത് കീശയിലിട്ട് കടവിലെക്കോടി... വീട്ടിൽ നിന്നും എടുത്ത രണ്ട് കുടങ്ങൽ തമ്മിൽ വള്ളി വെച്ച് കെട്ടി ആ വള്ളിയിൽ കിടന്നാണ്  ഞങ്ങൾ നീന്തൽ  പഠിക്കുന്നത്..സംഭവം ഉഷാറാണ് നിങ്ങളെല്ലാവരും ഇത് വെച്ച് നീന്തൽ പഠിച്ചു..

ഓടി കടവിൽ എത്തിയപ്പോഴേക്കും എല്ലാരും അവിടെ എത്തിയിട്ടുണ്ട് ഉണ്ട് ഞങ്ങളുടെ കടവ് എന്ന് പറയുകയാണെങ്കിൽ പുഴയിലേക്ക് ചാഞ്ഞുനിൽക്കുന്ന തെങ്ങും ആ തെങ്ങിൽ കെട്ടിയ ഊഞ്ഞാലും.. കടവ് ചുറ്റും പൂപ്പരുത്തി മരവും.. കടവത്ത് മൊത്തം മണലും തെളിനീര് പോലെയുള്ള വെള്ളവും... ആഹാ അടിപൊളി ആണ്..  (സിമ്മിങ് പൂളിൽ കുളിച്ചാൽ കിട്ടുമോ ഈയൊരു  ഫീൽ... ) ചെന്നപാടെ ഡ്രസ്സ് ഊരി പുഴയിലേക്ക് ചാടി. നേരത്തെ കീശയിലിട്ട പുട്ട് പുഴയിൽ ഇട്ട് തോർത്ത് ഉപയോഗിച്ച് മീൻ പിടിക്കുക എന്നതാണ് അടുത്ത പണി.... എല്ലാ ദിവസത്തെ പോലെ ഇന്നും എന്റെ കീശയിൽ പുട്ടാണ്.. ഇന്ന് പുഴയിൽ നോക്കിയപ്പോൾ ദോശ ഉണ്ട് നൂലപ്പം ഉണ്ട് ഇഡ്ഡലി ഉണ്ട് പഴംകഞ്ഞി വരെയുണ്ട് എല്ലാവരും രാവിലെ വീട്ടിൽ നിന്നു കൊണ്ടു വരുന്നതാണ് മീൻ പിടിക്കാൻ വേണ്ടി.. എല്ലാദിവസവും ഇതുപോലൊരു മീനൂട്ട് ഞങ്ങൾക്ക് സ്ഥിരം പരിപാടിയാണ് മീൻ കിട്ടുമോ അതുമില്ല......

മൂന്നുനാലു മണിക്കൂർ നീണ്ട കുളിക്കു ശേഷം വിശപ്പ് തള്ളക്ക് വിളിക്കാൻ തുടങ്ങിയപ്പോൾ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് വീണ്ടും ചുണ്ട എടുത്ത് പുഴയിലേക്ക് തന്നെ വന്നു... അടുത്ത മീനൂട്ടി നുള്ള സമയമായി.

ഇത്രനാൾ ചൂണ്ടയിട്ട് പൂളാൻ  അഥവാ  പൈച്ചി എന്ന മീനെ എനിക്ക് എന്നും കിട്ടാറുള്ളു.. ( മീനുകളിലെ മണ്ടൻ എന്നാണ് ഞങ്ങൾ അതിനെ വിളിക്കാറ്. ചൂണ്ടയിൽ ഇര വേണമെന്നില്ല

കുളത്ത് മാത്രം ഇട്ടാലും ആശാൻ വന്ന് രുചിക്കും  )

ബാക്കി ഉള്ള എല്ലാവരും എണ്ണം പറഞ്ഞു കരിമീനെ പിടിക്കുമ്പോൾ എനിക്ക് അപ്പോഴും കിട്ടും പൂളാൻ😡.തോൽവിക്ക് പിടികൊടുക്കാതെ സകല കരിമീൻ ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു ചൂണ്ടയിടൽ വീണ്ടും തുടർന്നു. അവസാന നിമിഷം എന്തോ വലിയ ഐറ്റം വന്നു കൊത്തി  ( വലിയ ഫാമിലി പ്രോബ്ലം ഉണ്ടായിട്ട് ആത്മഹത്യ ചെയ്യാൻ വന്ന മീൻ ആണെന്ന് തോന്നുന്നു അല്ലാതെ എന്റെ ചൂണ്ടയിൽ കൊത്താൻ സാധ്യതയില്ല) കരിമീൻ ആയിരിക്കണേ ദൈവമേ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ചുണ്ട ഉയർത്തിയതും പാമ്പു പോലെ ഒരു മീൻ. കിട്ടിയത് പാമ്പ് ആണെന്ന് കരുതി ഞങ്ങൾ നാലു പേരും നാലു ദിശയിലേക്ക് ഓടി.

പിന്നീടാണ് അത് പാമ്പല്ല വാള എന്ന് പേരുള്ള ഒരു മീൻ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായത് അത്.. അത്ര നേരം മണ്ടൻ മീനെ പിടിച്ചു എന്നുള്ള ചീത്തപ്പേര് അങ്ങ് മാറിക്കിട്ടി.. ഇന്നെന്തായാലും കളി സ്ഥലത്തും കൂട്ടുകാർക്കിടയിൽ ഞാനാണ് ഹീറോ.. എന്റെ മീനിനെ കുറിച്ച് ആയിരിക്കും അവരുടെ മൊത്തം ചർച്ച... നാളെയും ആത്മഹത്യക്ക് ശ്രമിക്കുന്ന ഏതെങ്കിലും മീൻ ഉണ്ടാകുമെന്ന് പ്രതീക്ഷിചു  ഇന്നു കിടന്നു ഉറങ്ങാം.

-- By Nandu k sasidharan

Leave a comment

Please note, comments must be approved before they are published