ഒരു ചെമ്പല്ലി വേട്ട

ഏതോ ഒരു വൈകുന്നേരം. വീടിന്റെ വരാന്തയിലിരുന്ന് മൊബൈൽ ഫോണിൽ ഏർപ്പെട്ടിരിക്കുകയാണ് ഞാൻ. പെടുന്നനെ ആണ് ഒരു സന്ദേശം എന്റെ മൊബൈൽഫോണിൽ വന്നത്. നിങ്ങൾ മീൻ പിടിക്കാൻ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ? ഇതായിരുന്നു സന്ദേശം. മിക്ക വൈകുന്നേരവും ഞാൻ മീൻ പിടിക്കാൻ പോകാറുണ്ട്. ആ മൊബൈൽ സന്ദേശം എന്നെ മീൻ പിടിക്കാൻ വല്ലാത്ത ആഗ്രഹം ചെലുത്തി.

ഉടനെ വീടിന്റെ മൂലയിൽ നിന്നെ ഞാൻ എന്റെ ചൂണ്ടയും കണ്ണിയും എടുത്ത് വയൽ പറമ്പിലെ വലിയ തോട്ടിൽ ചെന്നു.തുലാമാസത്തിലെ പേമാരിയുടെ സാന്നിധ്യം വലിയതോട് പ്രകടമാക്കുന്നുണ്ട്. ചെറിയ കണ്ണി കുറിയൻ മീനുകൾ തന്റെ സൗന്ദര്യം ഭൂലോകത്തിന് പ്രദർശിപ്പിക്കുന്നു.  കുഞ്ഞു മീനുകൾ വരിവരിയായി തോടിന്റെ പല ദിക്കുകളിലേക്കും പാലായനം ചെയ്യുന്നു. ഒരുപാട് വേറിട്ട കാഴ്ചകൾ വലിയതോട് എനിക്ക സമ്മാനിച്ചു. പക്ഷേ എനിക്ക് വേണ്ടത് വാലിൽ പുള്ളിയുള്ള പുല്ലൻ മീനുകളെ ആയിരുന്നു.

പുഴയിലെ ചെമ്പല്ലി മീനുകൾക്ക് ഇഷ്ടം പുല്ലൻ മീനുകൾ ഓട് ആയിരുന്നു. ഈ പുല്ലൻ മീനുകളെ ചൂണ്ടയിൽ കൊളുത്തി പുഴയിലെ ചെമ്പല്ലി മീനുകളെ കൈവശപ്പെടുത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം.

വളരെ സാഹസികമായി ചില്ലറ പുല്ലൻ മീനുകളെ ഞാൻ പിടിച്ചു. കരുതിവെച്ച ഒരു പ്ലാസ്റ്റിക് കുപ്പിയിൽ നിറയെ വെള്ളം നിറച്ച് ആ പുല്ലൻ മീനുകളെ നിക്ഷേപിച്ചു. എന്തുകൊണ്ട് വെള്ളം നിറച്ചു എന്നല്ലേ? കാരണം ജീവനോടെ ചൂണ്ടയിൽ കൊളുത്തണം. എങ്കിൽ മാത്രമേ പുഴയിലെ ചെമ്പല്ലി മീനുകൾക്ക് വിശ്വാസം ഉണ്ടാകൂ.

വളരെ ധൃതിയിൽ മുഴുവൻ സാമഗ്രികളും എടുത്ത് ഞാൻ പുഴയിലേക്ക് പോയി. മാനത്തിലെ മേഘങ്ങൾ മങ്ങി തുടങ്ങിയിട്ടുണ്ട്.  ഒരു വലിയ പേമാരി ഉടൻ നിലം പൊത്തുമെന്ന് ഞാൻ മനസ്സിലാക്കി. പക്ഷേ ഇതെല്ലാം മുന്നിൽ കണ്ട് ഞാൻ എന്റെ റെയിൻ കോട്ടും എടുത്തിരുന്നു.

പുഴയ്ക്കു അങ്ങിങ്ങു മായി ഒരുപാട് ആളുകൾ മീൻ പിടുത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു.വൈകാതെ ഞാനും മീൻ പിടിക്കാൻ തുടങ്ങി. കൂടിയാൽ തന്നെ രണ്ടുമൂന്ന് ചെറിയ പ്രാച്ചി മീനുകളാണ് പലപ്പോഴും എനിക്ക് കിട്ടാറുള്ളത്. എപ്പോഴും ചെമ്പല്ലി മീനുകളാണ് എന്റെ ലക്ഷ്യം. ഒടുക്കം ഒന്നും കിട്ടാതെയും ചിലപ്പോൾ ആർക്കും വേണ്ടാത്ത ചെറു മീനുകളും ആയിരിക്കും എന്റെ കൊട്ടയിൽ.

എല്ലാം കൽപ്പിച്ച് ചൂണ്ടയെ ഞാൻ പുഴയുടെ വിദൂരതയിലേക്ക് എറിഞ്ഞു. ഒപ്പം ചൂണ്ടയുടെ അറ്റത്ത് പിടയ്ക്കുന്ന പുല്ലൻ മീനുകളും ഉണ്ടായിരുന്നു. കുറച്ചു സമയം പുഴയുടെ അരികിലുള്ള നടപ്പാതയിൽ ഞാൻ കുത്തിയിരുന്നു. മഴയുടെ വരവറിയിച്ച് ഉറക്കെ ഇടി മുഴങ്ങി തുടങ്ങി. ഒട്ടും വൈകാതെ തന്നെ വൻ ജലപ്രവാഹം ഭൂമിയിലേക്ക് പതിയാൻ തുടങ്ങി.

അപരിചിതരായ അപ്പുറത്തെ മീൻ വേട്ടക്കാർ പൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിന് ചുവട്ടിലും മഴ കൊള്ളാത്ത എന്ന വിധം തെങ്ങിൻ ചുവട്ടിലും ഓടിയൊളിച്ചു. ഇല്ല ഞാൻ ഇവിടുന്ന് ഒരു തെല്ലും മാറുകയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു. പണ്ട് ആരോ പറഞ്ഞ ഒരു പഴഞ്ചൊല്ലാണ് എനിക്ക് ആ സമയം ഓർമ്മ വന്നത്.\

“ഒരാൾ പരിശ്രമിച്ചാൽ അത് അവന് കിട്ടും”

കുറച്ചു കഴിഞ്ഞപ്പോഴാണ് ചുണ്ടയ്ക്ക ഒരു വലിപ്പ് എനിക്ക് അനുഭവപ്പെട്ടത്. ഞാൻ ഒന്ന് പതുക്കെ വലിച്ചു നോക്കി അതെ എന്തോ ഒന്ന് കൊത്തിയിട്ടുണ്ട്. പതുക്കെ പതുക്കെ കരയിലേക്ക് വലിച്ചു. തികച്ചും ഞാൻ ഞെട്ടിപ്പോയി. മൂന്ന് കിലോ ഭാരമുള്ള വലിയ ചെമ്പല്ലി മീൻ. അപ്പുറത്ത് ഉണ്ടായിരുന്ന മീൻ വേട്ടക്കാർ എന്നെ നോക്കി ആശ്ചര്യപ്പെട്ടു. ഇതാദ്യമായാണ് ഇത്രയും വലിയ ഒരു ചെമ്പല്ലി മീൻ ഞാൻ പിടിക്കുന്നത്.

മീൻ പിടിക്കാൻ പോയപ്പോൾ ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്. ചിലത് മറക്കാനാവാത്ത വിധം ഓർമ്മയിൽ സ്ഥാനം പിടിച്ചതാണ്. ആ ഒരു അനുഭവമാണ് എനിക്ക് മറക്കാനാവാത്ത ഈ ഒരു അനുഭവം.

-- By Anas

Leave a comment

Please note, comments must be approved before they are published