ഒഴുകിപ്പോയൊരോർമ്മ

ഓർമ്മകൾ നമ്മളിലെന്നും പിറുപിറുത്തുകൊണ്ടേയിരിക്കാറുണ്ട്. ഓർക്കാൻ നമ്മളിലെല്ലാവരിലും ഒരുപാട് ഓർമ്മകളുണ്ട്. നല്ലതും ചീത്തയുമായ ഓർമ്മകൾ. നമ്മൾ ഓർക്കാൻ മിനക്കെടാറില്ലെന്നു മാത്രം.
 
ഒഴിവ് ദിവസങ്ങളിലെല്ലാം മീൻ പിടിക്കാൻ പോവുന്നത് ഞങ്ങൾക്കൊരു പതിവാണ്. പലപ്പോഴും ഒന്നും കിട്ടാതെ തിരിച്ച് മടങ്ങിയിട്ടുണ്ട്.ളഇനി പോവില്ലെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ആരു പാലിക്കാൻ! അതങ്ങനെയാണ്; പണ്ടാരോ പറഞ്ഞപോലെ പ്രതിജ്ഞയൊന്നും പാലിക്കാനുള്ളതല്ല.                ഓണത്തിന് സ്കൂൾ അടച്ചപ്പോഴാണ് എന്നാണെന്റെ ഓർമ്മ. പതിവുപോലെ പുഴയിൽ മീൻ പിടിക്കാൻ പോകാൻ ഞങ്ങൾ തയ്യാറെടുത്തു. തലേന്ന് വൈകുന്നേരം എല്ലാവരും കൂടിചേർന്ന്  ഉറപ്പിച്ചതാണ്. ഇനി ഈ ലോകം മുഴുവൻ എതിർത്താലും ഞങ്ങൾ പോയിരിക്കും. അതായിരുന്നു ഞങ്ങളുടെ തീരുമാനം!
ഗായത്രി പുഴ; പുഴ എന്നുപറഞ്ഞാൽ  അത്രമേൽ അതിന്റെ ഭംഗി അതിലുൾചേർന്നിരുന്നു.
 
വശ്യമായ എന്തോ ഒന്ന് എന്നെ ആകർഷിക്കാൻ മാത്രം ആ പുഴയിലുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിലെ വെള്ളം സൂര്യപ്രകാശമേറ്റ് വൈരങ്ങൾപോലെ തിളങ്ങി നിന്നു. ചുറ്റുമുള്ള കാട്ടുപൊന്തകളുടെയും മരങ്ങളുടെയും നിഴൽ വെള്ളത്തിന്  ഇളംപച്ച നിറം നൽകി. ആകാശത്തിനു കീഴിൽ ഒരു പച്ചപരവതാനി വിരിച്ചപോലെ അവളങ്ങനെ പരന്നൊഴുകി. കാരണവന്മാരുടെ ചിതാഭസ്മങ്ങളും, ചാത്തന്മാരുടെ വശ്യത്തകിടുകളും, മുത്തശ്ശി പറഞ്ഞുതന്ന പ്രേതകഥകളും, ചാടി മരിച്ചവരുടെ ആത്മാക്കളുമെല്ലാം പേറി അവൾ ഒഴുകിക്കൊണ്ടേയിരുന്നു.
 
മീൻ കിട്ടാൻ എപ്പോഴും വൈകാറാണ് പതിവ്. ചൂണ്ടയിൽ  കൊരുത്താലും ചിലത് രക്ഷപ്പെടുമായിരുന്നു. ഇതിനിടയിൽ ഒരു രസം കാണിക്കാനെന്നവണ്ണം കൂട്ടത്തിൽ ഒരുവൻ എന്നെ പുഴയിലേക്ക് തള്ളിയിട്ടു. എനിക്ക് നീന്താനറിയാമെന്ന് അറിയുന്നതുകൊണ്ട് തന്നെയാണ് അവൻ അങ്ങനെ ചെയ്തതും.  അത് കണ്ട് അവനോടൊപ്പം എല്ലാവരും കൂട്ടത്തോടെ ചിരിച്ചു. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ അന്ന് വെള്ളത്തിനിത്തിരി ഒഴുക്ക് കൂടുതലായിരുന്നു. താഴ്ന്നു പോകാതിരിക്കാനും ഒഴുകിപോകാതിരിക്കാനും ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ കൈകാലുകൾ കുഴഞ്ഞു. അവർക്കും ഗൗരവം മനസ്സിലായി. കളി കാര്യമായെന്ന് അവർക്കും പിടികിട്ടി. ചിലർ കരയാൻ തുടങ്ങി. കൂട്ടത്തിലെ കുഞ്ഞന്മാർ പേടിച്ചു നിലവിളിക്കാൻ തുടങ്ങി.  പിന്നീട് എന്നെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു.  ഞാൻ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ കൈയിലാണെങ്കിൽ ചൂണ്ടയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. കൂട്ടത്തിൽ കുറച്ചു വലിയവനും ഒപ്പം ബുദ്ധി സ്വല്പം കൂടിയവനുമായ ഒരുത്തൻ ഏതോ വീട്ടിൽ നിന്ന് ഒരു കയർ സംഘടിപ്പിച്ചുകൊണ്ടുവന്ന് വെള്ളത്തിലേക്ക് എടുത്തുചാടി. ഇതിനിടയിൽ പേടിച്ച് എന്റെ മൂത്രം പോയി എന്നുതന്നെ പറയാം.  അത്രമേൽ ഒഴുക്ക് വെള്ളത്തിനുണ്ടായിരുന്നുവെന്ന് ചാടിയവനും സമ്മതിച്ചിരുന്നു. എങ്ങനെയോ അവരെല്ലാംകൂടെ  എന്നെ കരയ്ക്കെത്തിച്ചു. നെഞ്ചിലമർത്തി കുടിച്ച വെള്ളം പുറത്തേക്ക് കളഞ്ഞു.  കുറച്ചു സമയത്തിനുള്ളിൽ ഞാൻ പൂർവ്വസ്ഥിതിയിലായി. തള്ളിയിട്ടവൻ എന്നെ കെട്ടിപ്പിടിച്ച് ഒരേ കരച്ചിലായിരുന്നു. ഞാൻ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു "സാരമില്ലടാ അളിയാ; നീ എന്നെ കൊല്ലാൻ വേണ്ടിയൊന്നും ചെയ്തതല്ലല്ലോ"അതുകേട്ട് അവനും കരച്ചിൽ നിർത്തി ഒന്നുചിരിച്ചു. അങ്ങനെ എല്ലാവരും പൊട്ടിച്ചിരിച്ചു. കുറച്ചു കഴിഞ്ഞ് ഞങ്ങൾ  മീനിനു പകരം മറക്കാനാവാത്ത 'ഒരോർമ്മ"യും പേറി വീട്ടിലേക്ക് തിരിച്ചു.
 
പിന്നീടും ഞങ്ങൾ മീൻപിടിക്കാൻ പോയി. തള്ളിയിടലുകൾ പിന്നീടുമണ്ടായി. അല്ലെങ്കിലും സൗഹൃദത്തിൽ എന്നും ഓർമ്മകൾ പുനർജനിക്കാറുണ്ടല്ലോ..... മറക്കാനാവാത്ത ചില ഓർമ്മകൾ!
-- By Ajmal

Leave a comment

Please note, comments must be approved before they are published