കയ്ച്ചൽ snakehead ആയി മാറിയ കഥ

എന്റെ വീടിനടുത്തൊന്നും തോടില്ലായിരുന്നു അതുകൊണ്ടുതന്നെ അമ്മ എന്നെ ദൂരെ ഒന്നും മീൻ പിടിക്കാൻ വിടത്തില്ലായിരുന്നു, അമ്മ കാണാതെ ഒളിച്ചും പാത്തും ഒക്കെ ദൂരെ മീൻ പിടിക്കാൻ പോവും... കൂടുതലും കിട്ടുന്നത് കയ്ച്ചൽ കുട്ടി (വരാൽ ) ആയിരിന്നു, അതിനെ പിടിച്ചിരുന്നത് 50 പൈസയുടെ പ്ലാസ്റ്റിക്ക് സഞ്ചി കൊണ്ടായിരിന്നു.
കിട്ടുന്ന മീൻ എല്ലാം ചെറുതായിരുന്നത്കൊണ്ട് വലിയ കായ്ച്ചലിനെ കിട്ടാത്തത് എന്നും നിരാശ ആയിരുന്നു... അങ്ങനെ ഇരിക്കെ മഴക്കാലം വന്നു... എന്റെ വീടിനടുത്തു ഒരു എടവഴി ഉണ്ട്. മഴ പെയ്തു തുടങ്ങിയാൽ ആ എടയിലുള്ള പാറക്കിടയിലൂടെ ഉറവ വരാൻ തുടങ്ങും അങ്ങനെ കുറച്ച് കഴിഞ്ഞാൽ അതിൽ മീനും വരും ഞാനൊക്കെ വിചാരിച്ചിരുന്നത് ആ ഉറവയിൽ നിന്നാണ് മീനൊക്കെ വരുന്നത് എന്നാണ്.... പിന്നിടാണ് ആ തെറ്റിദ്ധാരണ മാറിയത്. അങ്ങനെ വൈകുന്നേരം നാല് മണി ആയാൽ എന്റെ ചങ്ങായി നബീലിന്റെ കൂടെ അവന്റെ ഉപ്പാപ്പ മീൻ വിൽക്കുന്ന സ്ഥലത്ത് മീൻ വാങ്ങാൻ പോകും, അപ്പൊ ഈ ഉറവ ഒഴുകുന്ന സ്ഥലത്ത് കൂടെ ആണ് പോണ്ടത്.
അങ്ങനെയാണ് ആ തോട്ടിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ കയ്ച്ചലിനെ കാണുന്നത് അതിന്റെ തല ഭാഗം മാത്രമേ കാണാൻ പറ്റുന്നുണ്ടായിരുന്നുള്ളു അത് ഒരു മാളത്തിൽ നിന്ന് പുറത്തേക്ക് തല ഇട്ടിരിക്കുവായിരുന്നു ഞാൻ നബീലിനോട് പറഞ്ഞു. !"എട പിടിക്കെടാ" ഞാൻ ചുറ്റും നോക്കി പെട്ടെന്ന് ഒരു പ്ലാസ്റ്റിക് സഞ്ചി കിട്ടി തോടിന് ഒരടിയിൽ താഴെമാത്രമേ ആഴം ഉണ്ടായിരുന്നുള്ളു, ഞാൻ ആ സഞ്ചി എടുത്ത് നബീലിന് കൊടുത്തു അവൻ സഞ്ചി തുറന്ന് പിടിച് പതിയെ വെള്ളത്തിൽ ഇറങ്ങി കായ്ച്ചലിനെ ലക്ഷ്യം വച്ചു നടന്നു. അവൻ അടുത്തെത്താറായപ്പോഴേക്കും അത് പെട്ടെന്ന് മുന്നോട്ടു കുതിച്ചു.... അത് ഒരു ചേര പാമ്പായിരുന്നു..
നബീലും ഞാനും ഓടിയ വഴിക്ക് പിന്നീട് പുല്ല് മുളച്ചിട്ടുണ്ടാവില്ല അമ്മാതിരി ഓട്ടം ആയിരുന്നു....ദൂരെ എത്തി ഓട്ടം നിന്നു കയ്യും കാലൊക്കെ നന്നായി വിറക്കുന്നുണ്ടായിരുന്നു പിന്നീട് ആണ് ഞാൻ മാനായിലാക്കുന്നത് കായ്ച്ചലിനെ ഇംഗ്ലീഷിൽ എന്തുകൊണ്ട് snakehead, എന്ന് വിളിക്കുന്നത് എന്ന്.... !
-- By Vishinu Navath