പുഴകളെ എങ്ങനെ സംരക്ഷിക്കാം

“മലിനജലം എന്നൊന്നില്ല മറിച് നാം മലിനമാക്കുന്ന ജലം മാത്രമേയുള്ളു “

എന്ന പഴമക്കാരുടെ വാക്കുകൾ എത്ര അർത്ഥവത്താണ്.

നമ്മൾ മനുഷ്യരുടെ അനാവശ്യ ഇടപെടലുകൾ മൂലമാണ് നമ്മുടെ നദികളിൽ മാലിന്യം നിറയുന്നത്.

ശുദ്ധമായ കുടിവെള്ളത്തിന്റെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണു  യു. എൻ 1993 മാർച്ച് 22 ന് ലോക ജലദിനമായി ആചരിക്കാൻ തുടങ്ങിയത്.

നമ്മുടെ കൊച്ചു കേരളത്തിൽ 44 നദികളും അതിലേറെ ആയിരക്കണക്കിന് കിണറുകളും കുളങ്ങളും അരുവികളും ഉണ്ട്. എന്നിരുന്നാലും ആളുകൾ കുടിവെള്ളം തേടി പരക്കം പായുകയാണ്. ഇഷ്ടംപോലെ ജലമുണ്ടെന്നും അത് തോന്നിയതുപോലെ ഉപയോഗിക്കാം ബാക്കിയുള്ളതിൽ മാലിന്യവും തള്ളാം എന്ന അഹങ്കാരവുമാണ് ജലമലിനീകരണത്തിന് കാരണമാകുന്നത്.

നമ്മുടെ പുഴകൾ മലിനമാകുന്നതിനു നൂറു കാരണങ്ങൾ ഉണ്ട്. അതിൽ ഭൂരിഭാഗവും അശ്രദ്ധകൊണ്ടും അലസതകൊണ്ടുമാണ്. അതിനുള്ള പരിഹാരവും നമുക്കറിയാം എന്നിരുന്നാലും ആരും അതിനുവേണ്ടി പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം.

അന്യ രാജ്യങ്ങളിൽ പോയി താമസിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന മലയാളികൾ അവിടെ മാലിന്യങ്ങൾ വലിച്ചെറിയാറില്ല. എന്നാൽ അവർ കേരളത്തിലെത്തുമ്പോൾ അത് മറക്കുന്നു. ഇന്നും എനിക്ക് മനസിലാകാത്ത ഒരേയൊരു കാര്യമാണിത്. ഒരുപക്ഷെ കേരളത്തിൽ ഒരു കർശന നിയമം ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാതിരുന്നിട്ടില്ല.

പുഴകൾ മലിനമാകുന്നത് തടയാൻ ഒരുപാട് മാർഗങ്ങളുണ്ട്.

  1. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക
  2. തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, ചായം തുടങ്ങിയവ നിർമിക്കുന്ന വ്യവസായശാലകളിൽ നിന്നുള്ള കാര്ബണിക് അംശങ്ങൾ അടങ്ങിയ മാലിന്യങ്ങൾ പുഴകളിലേക്ക് ഒഴുക്കാതിരിക്കുക.
  3. രാസവളങ്ങൾ അമിതമായി ഉപയോഗിച്ചുള്ള ആധുനിക കൃഷിരീതി മാറ്റി ജൈവവളങ്ങൾ ഉപയോഗിക്കുക .
  4. കീടനാശിനികളുടെ ഉപയോഗം കുറക്കുക .
  5. വീടുകളിൽ ഉള്ള മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി മാറ്റുക.

ഇവയൊക്കെ ശ്രദ്ധിച്ചു കഴിഞ്ഞാൽ പുഴകൾ മലിനമാകുന്നത് തടയാൻ കഴിയും.

പുഴകളും ജലസ്രോതസ്സുകളും വരും തലമുറക്ക് കൂടി ഉള്ളതാണ് എന്ന ബോധ്യം നാം ഓരോരുത്തരിലും ആഴത്തിൽ ഉറപ്പിക്കാൻ കഴിഞ്ഞാൽ പുഴകൾ മലിനമാകുന്നതും മാലിന്യം പുഴകളിൽ വലിച്ചെറിയുന്നതും നാം നിർത്തിവയ്ക്കും.

ജലസ്രോതസ്സുകൾ നാളത്തെ തലമുറക്കും കൂടിയുള്ളതാണ് അതിനെ ഇല്ലാണ്ടാക്കരുത്.

-- By Hashymol unni, Dubai

Author's YouTube channel - Panjamy's Tips

Leave a comment

Please note, comments must be approved before they are published