പ്രകൃതിയുടെ സംരക്ഷണം നമ്മുടെ കടമ

ഭൂമിയിലെ എല്ലാ ജീവചാലങ്ങളും പുഴകളും നദികളും എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. എങ്കിലും നമ്മളത് മനഃപൂർവ്വം മറന്നു പോകുകയാണ്.പ്രകൃതിയെയും ജലാശയങ്ങളെയും ചൂഷണം ചെയ്തു ജീവിച്ചു തീർക്കുകയാണ് മനുഷ്യൻ. കടുത്ത വരൾച്ചയും പ്രളയവും വന്നു പോകുമ്പോൾ വേദനിക്കാറുണ്ടെങ്കിലും ആ അവസ്ഥ കടന്നുപോയി കഴിയുമ്പോൾ നമ്മൾ വീണ്ടും പഴയ പടിയാകുന്നു എന്നതാണ് ഏറ്റവും രസം.
മാലിന്യങ്ങൾ വലിച്ചെറിയാൻ മാത്രമുള്ള ഇടങ്ങളായി പ്രകൃതിയും പുഴകളും നദികളും മാറിക്കഴിഞ്ഞിരിക്കുന്നു. ഉപയോഗത്തിന് ശേഷം എന്തും വലിച്ചെറിഞ്ഞു ശീലിച്ച നമ്മൾ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കാൻ പരസ്യമായും രഹസ്യമായും പുഴകളിലും ഓടകളിലും തള്ളുന്നു.ഇത് ഒഴുക്കിനു തടസ്സമാകുന്ന രീതിയിൽ വലിയ മാലിന്യകൂമ്പാരമായി മാറുന്നു. കടലിലേക്ക് ചെന്നെത്തുന്ന ഇത്തരം മാലിന്യങ്ങൾ മത്സ്യങ്ങൾ ഭക്ഷിക്കുകയും മറ്റു ജീവചാലങ്ങൾക്ക് ദോഷമാകുകയും ചെയ്യുന്നു.
കഴിഞ്ഞ പ്രളയം കഴിഞ്ഞപ്പോൾ നമ്മൾ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ എല്ലാം തന്നെ നമുക്ക് തിരികെ തന്ന കാഴ്ച നമ്മൾ കണ്ടറിഞ്ഞതാണ്. സ്വന്തം വീടുപോലെ ചുറ്റുപാടും വൃത്തിയിൽ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്. അല്ലാതെ മഴക്കാലത്തും ഓടയിലും പുഴയിലും ഒഴുക്കി വിടേണ്ടതല്ല നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ.
ശക്തമായ നിയമങ്ങളിലൂടെ ഇതിനെ ചെറുക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ട് എങ്കിലും. എല്ലാവരിലും ബോധവൽക്കരണം നല്ല രീതിയിൽ നടത്തുക അത്യാവശ്യമാണ്. മാലിന്യങ്ങൾ മാത്രം നിറഞ്ഞ ജലാശയങ്ങൾ നമുക്ക് കടുത്ത വരൾച്ചയും രോഗങ്ങളും മാത്രമാണ് നൽകുന്നതെന്ന് നമ്മൾ തിരിച്ചറിയേണം..
നമ്മുടെ മാലിന്യങ്ങൾ നമ്മൾ തന്നെ പ്രകൃതിക്കു ദോഷമാകാത്ത രീതിയിൽ സംസ്കരിക്കാൻ ശ്രമിക്കണം.കൂടെ പരമാവധി പ്ലാസ്റ്റിക് ഇപയോഗം കുറയ്ക്കാനും ശ്രമിക്കേണം.
ഇവിടുത്തെ ഓരോ ജീവാചാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ നമ്മളെ പോലെത്തന്നെ അവകാശമുള്ളതാണ്..
അതുകൊണ്ടുതന്നെ സ്വയം സംരക്ഷിക്കുമ്പോൾ നമ്മുടെ ചുറ്റുപാടിനെയും സംരക്ഷിക്കാൻ നമ്മൾ ശീലിക്കേണ്ടതാണ്..
അതിലൂടെ ശുദ്ധമായ വായുവും വെള്ളവും മണ്ണും എല്ലാം നിറഞ്ഞു നിൽക്കുന്ന നല്ലൊരു ലോകത്തിൽ നമുക്ക് മുന്നോട്ടു ജീവിക്കാം.
-- By Akhil Chathoth