മീൻ പിടിക്കാൻ പോയപ്പോൾ

സെബിന്റെ വീഡിയോസ് എല്ലാം കുത്തിയിരുന്ന് കാണുന്ന ഒരാളാണ് ഞാൻ സെബിന്റെ എല്ലാ വീഡിയോസും ഞാൻ കണ്ടു എന്ന് തന്നെ പറയാം കാരണം എനിക്ക് ചൂണ്ട ഇടുന്നത് വളരെ ഇഷ്ട്ടമാണ് കുഞ്ഞുനാൾ തൊട്ട് വളരെ ഇഷ്ട്ടമാണ് മീൻ പിടിക്കാൻ അതിന്റെ കാരണം എന്റെ അച്ഛൻ തന്നെയാണ്. അച്ഛന്റെ ചെറുപ്പകാലത്തു അച്ഛൻ പിടിച്ചിട്ടുള്ള മീനിന്റെ കഥകളൊക്കെ വീണ്ടും വീണ്ടും കേട്ടാലും എനിക്ക് മതിയാകില്ല.

കുഞ്ഞ് നാളിൽ മീൻ പിടിക്കാൻ പോകാനായി അച്ഛനോട് വഴക്കിടുമ്പോൾ അടുത്തുള്ള ചെറിയ തോടിൽ കൊണ്ടുപോയി തീരെ കുഞ്ഞ് മീനിനെ പിടിച്ച് തിരികെ വിടുമായിരുന്നു.

പിന്നെ പഠിത്തത്തിന്റ തിരക്ക് ആയതിന് ശേഷം അതൊക്കെ ഓർമ്മകൾ മാത്രമായി അവശേഷിക്കുന്നു. ഇപ്പോൾ സെബിന്റെ വീഡിയോസ് കണ്ടതിനു ശേഷം വലിയ ആഗ്രഹം ആയി മീൻപിടിക്കാൻ.

അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം പേപ്പാറ ഡാമിലേക്ക് ഒഴുകുന്ന പുഴയുടെ തീരത്ത് പോയപ്പോൾ അവിടുത്തെ ആളുകൾ ചൂണ്ട ഇടാനായി ഇരിക്കുന്നത് കണ്ടു. അവർ എത്ര പെട്ടന്നാണ് ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നത്.. അത് കണ്ടപ്പോൾ എനിക്കും കൊതിയായി മീൻ പിടിക്കാൻ. അടുത്ത ദിവസം ഞാൻ ചേട്ടനോട് വഴക്കുണ്ടാക്കി ചൂണ്ട വാങ്ങിച്ചു എനിക്ക് ചൂണ്ട ഇട്ടേ പറ്റു എന്ന് പറഞ്ഞു ഞങ്ങൾ ഒരുമിച്ച് മീൻ പിടിക്കാനായി അവിടേക്കു പോയി.

എന്റെ ഫിഷിങ് ദൈവമായ സെബിനെ മനസ്സിൽ ധ്യാനിച്ച് ചൂണ്ട ഇടാൻ തുടങ്ങി ആ പ്രദേശത്തു ഉള്ളവർ എല്ലാം എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. അവർ വേഗം വേഗം മീൻ പിടിക്കുമ്പോൾ എന്റെ ചൂണ്ടയിലെ ആഹാരം നിമിഷ നേരം കൊണ്ട് മീൻ കൊണ്ട് പോകും. നേരം ഇരുട്ടിയിട്ടും എന്റെ ചൂണ്ടയിൽ ഒരെണ്ണം പോലും കിട്ടിയില്ല.

അവസാനം പോരാൻ നേരത്ത് എന്റെ സങ്കടം മാറ്റാൻ വേണ്ടി അവിടെ ചൂണ്ട ഇടാൻ വന്നവർ എല്ലാം കൂടി എനിക്ക് കുറച്ച് അധികം മീൻ തന്നു. അതും കൊണ്ട് അച്ഛന്റെ മുന്നിൽ വന്ന് ഞാൻ പിടിച്ച മീൻ ആണെന്ന് പറഞ്ഞു ആളായി നിന്നു. അച്ഛൻ പറഞ്ഞു നീ ആള് മിടുക്കി തന്നെ ഇനി പോകുമ്പോൾ ഞാനും വരുന്നു..  എനിക്കും ചൂണ്ട ഇടണം.

സത്യം എന്താണെന്നു ഇന്നും എന്റെ അച്ഛൻ അറിഞ്ഞിട്ടില്ല.. എന്തായാലും ഞാൻ ഇനിയും പോകും മീൻ കിട്ടുന്നത് വരെ ചൂണ്ട ഇടും.

ഒരു കാര്യം കൂടി പറഞ്ഞോട്ടെ അച്ഛനും സെബിന്റെ subscriber ആണ്.

--  By Akhila Sajan

Leave a comment

Please note, comments must be approved before they are published